
ലണ്ടൻ: പ്രധാനമന്ത്രി റിഷി സുനകുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കുടിയേറ്റകാര്യ മന്ത്രി റോബർട്ട് ജെൻറിക് രാജിവച്ചു. യുകെയിലേക്ക് അനധികൃത കുടിയേറ്റത്തിനു ശ്രമിക്കുന്നവരെ റുവാണ്ടയിലേക്ക് തിരിച്ചയക്കാനുള്ള പുതിയ നിയമം കൊണ്ടുവരാനായി റുവാണ്ടയെ സുരക്ഷിത ഇടമായി പ്രഖ്യാപിക്കാനുള്ള ബിൽ തയാറായിരുന്നു. ഈ നീക്കത്തിൽ പ്രതിഷേധിച്ചാണ് ജൻറിക്കിന്റെ രാജി. ബ്രിട്ടനിലെത്തുന്ന അഭയാർഥികളെ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് തിരിച്ചയക്കുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. തുടർന്നാണ് നിയമനിർമാണത്തിന് സർക്കാർ മുതിർന്നത്. പഴുതടയ്ക്കാതെയും സുരക്ഷിതത്വം ഉറപ്പാക്കാതെയും നിയമം കൊണ്ടു വരികയും കോടതികൾ ഇടപെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രാജി വയ്ക്കുന്നത് എന്ന് ജെൻറിക് വ്യക്തമാക്കി. കുടിയേറ്റ വിഷയത്തിൽ കടുത്ത നിലപാടുകൾ സ്വീകരിച്ചില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് അടുത്തിടെ രാജിവച്ച വിദേശകാര്യ മന്ത്രി സുവല്ല ബ്രേവർമാൻ മുന്നറിയിപ്പ് നൽകി.
അടുത്തവർഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുടിയേറ്റ സംബന്ധിച്ച ബില്ലുകൾ റിഷി സുനകിൻ്റെ ഭാഗധേയം നിർണയിക്കുമെന്നകാര്യത്തിൽ സംശയമില്ല. എന്നാൽ റിഷി സുനകിൻ്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഒരാൾ കൂടി പടിയിറങ്ങിയത് സുനകിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ പ്രതിസന്ധിതന്നെയാണ് എന്നതിൽ സംശയമില്ല.
UK’s immigration minister quits over Rwanda bill














