
റായ്പുര്‍: കള്ളപ്പണം വെളുപ്പിക്കല്‍ക്കേസില്‍ ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ മകനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ചൈതന്യ ബാഗലിനെ ഇ ഡി അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ ഭൂപേഷ് ബാഗലിന്റെ ഭിലായിയിലെ വസതിയില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
ഭൂപേഷ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുന്‍ എക്സൈസ് മന്ത്രി കവാസി ലഖ്മ ഉള്‍പ്പെടെ 70 പേരെ പ്രതിചേര്‍ത്ത് കേസ് എടുത്തിരുന്നു. ഇന്ന് നിയമസഭയില്‍ തമിഴ്‌നാട്ടില്‍ അദാനിക്ക് വേണ്ടി മരങ്ങള്‍ മുറിക്കുന്ന വിഷയം ഉന്നയിക്കേണ്ടതായിരുന്നുവെന്നും ഇതിനു പിന്നാലെയാണ് റെയ്ഡും അറസ്റ്റുമെന്ന് ഭൂപേഷ് ബാഗേല്‍ പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമെന്നും ബാഗൽ അഭിപ്രായപ്പെട്ടു. ഈ വര്‍ഷം മാര്‍ച്ചില്‍ ഭൂപേഷിന്റെ മകന്‍ ചൈതന്യ ബാഗേലിന്റെ വീട്ടില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി സമാനമായ പരിശോധന നടത്തിയിരുന്നു.