‘ട്രംപിന്‍റെ അചഞ്ചലമായ സമർപ്പണത്തിനും നേതൃത്വത്തിനും നന്ദി’; സമാധാന പദ്ധതിക്ക് നന്ദി പറഞ്ഞ് ഇസ്രായേലിലെ ബന്ദികളുടെ കുടുംബങ്ങൾ

ടെൽ അവീവ്: ഹമാസിന്‍റെ ഒക്ടോബർ ഏഴ് ആക്രമണം നടന്നിട്ട് രണ്ട് വർഷം തികയുന്നയുമ്പോൾ, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും നടത്തിയ ശ്രമങ്ങൾക്ക് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞ് ഇസ്രായേലിലെ ബന്ദികളുടെ കുടുംബ ഫോറം പ്രസ്താവനയിറക്കി. ട്രംപിന്‍റെ സമാധാന പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ ഈജിപ്തിൽ നടക്കുന്നതിനിടെയാണ് ഈ പ്രസ്താവന. “രണ്ട് വർഷം മുമ്പ് ഞങ്ങളുടെ ജീവിതം എന്നെന്നേക്കുമായി മാറി” ഫോറം പ്രസ്താവനയിൽ പറഞ്ഞു. “തീവ്രവാദികൾ ഞങ്ങളുടെ സമൂഹങ്ങളിലേക്ക് അതിക്രമിച്ചു കയറി, കൊലപാതകവും ബലാത്സംഗവും പരിക്കേൽപ്പിക്കലും തട്ടിക്കൊണ്ടുപോകലും നടത്തി.”

ഒക്ടോബർ ഏഴിന് മുമ്പ് തട്ടിക്കൊണ്ടുപോയ ഒരാൾ ഉൾപ്പെടെ ആകെ 48 ബന്ദികൾ ഇപ്പോഴും ഗാസയിൽ ഉണ്ട്. ഇതിൽ 20 പേർ ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതുന്നത്. “അവരിൽ ഓരോരുത്തരും വീട്ടിലേക്ക് മടങ്ങിയെത്തണം. ജീവിച്ചിരിക്കുന്നവർക്ക് പുനരധിവാസം ആവശ്യമാണ്, മരിച്ചവർക്ക് സ്വന്തം നാട്ടിൽ അന്ത്യവിശ്രമം നൽകണം,” ഫോറം ആവശ്യപ്പെട്ടു.

“പ്രസിഡന്‍റ് ട്രംപിൻ്റെ അചഞ്ചലമായ സമർപ്പണത്തിനും നേതൃത്വത്തിനും ഞങ്ങൾ അഗാധമായി നന്ദിയുള്ളവരാണ്. ഈ ദുഃസ്വപ്നം അവസാനിക്കാനും ഞങ്ങളുടെ പ്രിയപ്പെട്ടവർ വീട്ടിലെത്താനും അദ്ദേഹത്തിന്‍റെ കരാർ ഞങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകുന്നു,” ഫോറം പറഞ്ഞു. കൂടാതെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് “ഈ ദുഃസ്വപ്നം അവസാനിപ്പിക്കാൻ” നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. “നമ്മുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധം അവസാനിപ്പിക്കാനും 48 ബന്ദികളെയും വീട്ടിലെത്തിക്കാനുമുള്ള കരാറിൽ എത്താനുള്ള സമയം ഇതാണ്,” പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide