
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ തകിടം മറിക്കുമെന്ന് ലോക്സഭയിൽ മുന്നറിയിപ്പ് നൽകി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് പാചകവാതക വിതരണത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ടെന്നും ഇന്ധനത്തിനായി ഇന്ത്യ ഏത് രാജ്യാന്തര വിപണിയെ ആശ്രയിക്കണമെന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരമാണുള്ളതെന്നും രാഹുൽ ചോദിച്ചു. സഭയിൽ വിഷയം അവതരിപ്പിക്കുന്നതിനിടെ പെട്രോളിയം മന്ത്രിക്കെതിരെ അദ്ദേഹം നടത്തിയ വ്യക്തിപരമായ പരാമർശങ്ങൾ ഭരണപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് കാരണമായി. നോട്ടീസ് നൽകിയ കാര്യങ്ങളിൽ മാത്രം ഒതുങ്ങി സംസാരിക്കാൻ സ്പീക്കർ ഓം ബിർള നിർദ്ദേശിച്ചത് പ്രതിപക്ഷ ബഹളത്തിന് ആക്കം കൂട്ടി.
എന്നാൽ രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടെന്ന വാദങ്ങളെ പെട്രോളിയം മന്ത്രി ഹർദ്ദീപ് സിംഗ് പുരി പൂർണ്ണമായും തള്ളി. യുദ്ധം മൂലം പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വന്ന സാഹചര്യം ഉണ്ടായെങ്കിലും, ഇന്ത്യ അതീവ ജാഗ്രതയോടെ ബദൽ മാർഗങ്ങളിലൂടെ പെട്രോളിയം ഉൽപ്പന്നങ്ങൾ എത്തിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയവയ്ക്ക് നിലവിൽ യാതൊരു കുറവുമില്ല. വർദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം രാജ്യത്തെ എൽപിജി ഉൽപ്പാദനത്തിൽ 28 ശതമാനം വർദ്ധനവ് വരുത്തിയതായും മന്ത്രി സഭയെ അറിയിച്ചു.
നിലവിലെ പരിഭ്രാന്തി ഉപഭോക്താക്കൾക്കിടയിലുള്ള അനാവശ്യമായ ഭയം മൂലമാണെന്നും വിതരണ ശൃംഖല സുഗമമായി തുടരുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. മറ്റ് രാജ്യങ്ങളിൽ നിന്ന് അധികമായി എൽപിജി എത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. അയൽരാജ്യങ്ങളിലെ പോലെ ഇന്ധന പ്രതിസന്ധി ഇന്ത്യയിലുണ്ടാകില്ലെന്ന് ഉറപ്പുനൽകിയ മന്ത്രി, വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള പ്രതിപക്ഷ നീക്കത്തെ വിമർശിച്ചു.
Fuel Security: War of Words in Lok Sabha as Rahul Gandhi Questions Energy Policy Amid Middle East Crisis













