
ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പോലീസുകാരുടെ നിർണ്ണായക മൊഴി പുറത്ത്. പ്രതിഷേധിക്കാനെത്തിയ കെഎസ്‌യു പ്രവർത്തകരുടെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നില്ലെന്നും അവിടെ നടന്നത് ഉന്തും തള്ളും മാത്രമാണെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് മൊഴി നൽകി. പ്രവർത്തകർ കരിങ്കൊടിയുമായാണ് എത്തിയതെന്നും വധശ്രമം നടന്നുവെന്ന് പറയാവുന്ന സാഹചര്യമില്ലെന്നുമാണ് കണ്ണൂർ ടൗൺ സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർ നൽകിയ മൊഴിയുടെ സാരം. ഇതോടെ കേസിൽ ചുമത്തിയ വധശ്രമക്കുറ്റം നിലനിൽക്കില്ലെന്ന പ്രതിഭാഗം വാദത്തിന് ബലം ലഭിച്ചിരിക്കുകയാണ്.
അതേസമയം, കേസിൽ റിമാൻഡിലായിരുന്ന കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ള അഞ്ച് പ്രവർത്തകർക്ക് തലശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. വധശ്രമം, ഗൂഢാലോചന തുടങ്ങിയ ഒമ്പതോളം വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാൽ, പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയിട്ടും ആയുധങ്ങളൊന്നും കണ്ടെത്താൻ സാധിക്കാത്തതും മന്ത്രിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താത്തതും കോടതി ജാമ്യം അനുവദിക്കുന്നതിൽ നിർണ്ണായകമായി. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും പോലീസിന് കൂടുതൽ തെളിവുകളൊന്നും ശേഖരിക്കാൻ കഴിഞ്ഞിരുന്നില്ല.
മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റെന്ന പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വധശ്രമത്തിന് കേസെടുത്തതെങ്കിലും ഇത് രാഷ്ട്രീയ പ്രേരിതമായ കള്ളക്കേസാണെന്ന് കോൺഗ്രസും കെഎസ്‌യുവും ആരോപിച്ചു. കരിങ്കൊടി പ്രതിഷേധത്തെ വധശ്രമമായി ചിത്രീകരിച്ച് സർക്കാർ വേട്ടയാടുകയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. റെയിൽവേ പോലീസിന്റെ പ്രാഥമിക പരിശോധനയിലും അക്രമം നടന്നതിന് തെളിവുകൾ ലഭിച്ചിരുന്നില്ല. പോലീസുകാർ തന്നെ ആയുധമില്ലായിരുന്നുവെന്ന് മൊഴി നൽകിയതോടെ സർക്കാരിനും ആഭ്യന്തര വകുപ്പിനും ഈ കേസ് വരും ദിവസങ്ങളിൽ വലിയ തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
Minister Veena George Assassination Attempt Case: Cops State No Weapons Were Found; KSU Activists Granted Bail













