മാസപ്പുലരിയില്‍ നിന്ന് എന്‍.ആര്‍.ഐ റിപ്പോര്‍ട്ടറിലേക്ക്,
മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രമുള്ള മാസപ്പുലരിയുടെ പുതിയ ചുവടുവെപ്പാണ് എന്‍.ആര്‍.ഐ റിപ്പോര്‍ട്ടര്‍. മീഡിയ വേള്‍ഡ് പബ്ളിക്കേഷന്‍സിന് കീഴിലാണ് കാലത്തിനൊത്ത പരിഷ്കാരങ്ങളോടെ മാസപ്പുലരി എന്‍.ആര്‍.ഐ റിപ്പോര്‍ട്ടര്‍ എന്ന പുതിയ പ്രസ്ഥാനമായി മാറുന്നത്.
1991ല്‍ ഷിക്കാഗോയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ആദ്യ അച്ചടി മാധ്യമമായിരുന്നു മാസപ്പുലരി. അമേരിക്കയില്‍ എത്തുന്ന മലയാളികളുടെ വഴികാട്ടിയാകാന്‍ പലപ്പോഴും മാസപ്പുലരിക്ക് സാധിച്ചു. ഇന്ത്യന്‍ സ്റ്റോറുകളെ കുറിച്ചും, അത്യാവശ്യ സേവനങ്ങള്‍ കിട്ടുന്ന സ്ഥലങ്ങളെ കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ നല്‍കുകയായിരുന്നു മാസപ്പുലരി എന്ന പ്രസദ്ധീകരണത്തിന്റെ ആദ്യകാല ലക്ഷ്യം. പിന്നീട് മലയാളികളുടെ വിവരങ്ങള്‍ പരസ്പരം അറിയാനും അറിയിക്കാനുമുള്ള മാധ്യമമായി മാറി. അമേരിക്കയില്‍ വളര്‍ന്ന മലയാളി സമൂഹത്തിന്റെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും മാസപ്പുലരി കാലങ്ങള്‍ താണ്ടി. ആദ്യം അച്ചടിയായും, പിന്നീട് ഓണ്‍ലൈന്‍ എഡിഷനായും ഇറങ്ങിയ മാസപ്പുലരി രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലും ശക്തമായ അഭിപ്രായങ്ങള്‍ എല്ലാകാലത്തും പറഞ്ഞു. മാസപ്പുലരിയിലൂടെ മുഴങ്ങിയത് അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ശബ്ദം തന്നെയായിരുന്നു.
അച്ചടി മാധ്യമ രംഗത്ത് നിന്ന് ഡിജിറ്റല്‍ സാങ്കേതിക മേഖലയിലേക്ക് മാറുന്നതിന്‍റെ ഭാഗമായാണ് മാസപ്പുലരി എന്‍.ആര്‍.ഐ റിപ്പോര്‍ട്ടറാവുന്നത്. പുതിയ കാലത്തിലേക്ക് ചുവടുവെക്കാന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ പരിഗണിച്ചുതന്നെയാകും മാസപ്പുലരിയുടെ മുന്നോട്ടുപോക്ക്.
യുവതലമുറ അറിഞ്ഞിരിക്കേണ്ട വിശേഷങ്ങള്‍ക്കും വിവരങ്ങള്‍ക്കും എന്‍.ആര്‍.ഐ റിപ്പോര്‍ട്ടര്‍ പ്രത്യേക പരിഗണന നല്‍കും. ഇന്ത്യയിലെയും ഇന്ത്യക്ക് പുറത്തുള്ള എല്ലാ രാജ്യങ്ങളിലെയും വാര്‍ത്തകള്‍, അറിയിപ്പുകള്‍ അങ്ങനെ എല്ലാ വിവരങ്ങളും വിവിധ കാറ്റഗറികളിലായി എന്‍.ആര്‍.ഐ റിപ്പോര്‍ട്ടറില്‍ ഉണ്ടാകും. വെബ് സൈറ്റിന് പുറമെ, ഡിജിറ്റല്‍ വിവരങ്ങളുമായി ഫേസ്ബുക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങളിലൂടെയും എന്‍.ആര്‍.ഐ റിപ്പോര്‍ട്ടര്‍ വിവരങ്ങള്‍ എത്തിക്കും. വായനക്കാര്‍ക്കും പ്രക്ഷേകര്‍ക്കും അത്യാവശ്യ സേവനങ്ങള്‍ ഉറപ്പാക്കാനുള്ള ചാറ്റിംഗ് സംവിധാനവും എന്‍.ആര്‍.ഐ റിപ്പോര്‍ട്ടറില്‍ ഉണ്ടാകും.
ചീഫ് എഡിറ്റര്‍
ബിജു കിഴക്കേക്കൂറ്റ്