അലന്‍സിയറിനെതിരെ സ്വമേധയാ കേസെടുത്തു വനിതാ കമ്മിഷന്‍; വിയോജിപ്പുണ്ടെങ്കില്‍ അലന്‍സിയര്‍ അവാര്‍ഡ് സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്ന് കമ്മീഷന്‍ അധ്യക്ഷ

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സിനിമ നടന്‍ അലന്‍സിയറിനെതിരെ സ്വമേധയാ കേസെടുത്തു കേരള വനിത കമ്മിഷന്‍. വിഷയത്തിൽ തിരുവനന്തപുരം റൂറല്‍ എസ്പി ഡി. ശില്‍പ്പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ സ്ത്രീകളെ അവഹേളിക്കുന്ന തരത്തിൽ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. അവാര്‍ഡ് സ്വീകരിച്ച ശേഷം പുരസ്‌കാരമായി പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന് അലന്‍സിയര്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണെന്ന് പി. സതീദേവി പറഞ്ഞു. വിയോജിപ്പുണ്ടെങ്കില്‍ അലന്‍സിയര്‍ അവാര്‍ഡ് സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും അവാര്‍ഡ് സ്വീകരിച്ച ശേഷം ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് ഉചിതമായില്ലെന്നും പി. സതീദേവി കൂട്ടിച്ചേർത്തു.

വലിയ വിവാദമായ ഈ സംഭവത്തിനു ശേഷം തന്റെ അബദ്ധം അലന്‍സിയര്‍ തിരുത്തുമെന്നാണ് കേരളത്തിലുള്ള മുഴുവന്‍ ആളുകളും പ്രതീക്ഷിച്ചത്. എന്നാല്‍, അത് ഉണ്ടായില്ലെന്നു മാത്രമല്ല, പിന്നീട് അഭിമുഖം നടത്തുന്നതിന് എത്തിയ മാധ്യമ പ്രവര്‍ത്തകയോട് തികച്ചും മ്ലേച്ഛമായിട്ടുള്ള പദപ്രയോഗത്തിലൂടെയാണ് അലന്‍സിയര്‍ സംസാരിച്ചത്. ചാനല്‍ പ്രവര്‍ത്തകയായ പെണ്‍കുട്ടിയോട് ഇത്തരത്തില്‍ സംസാരിച്ചതിനെതിരേ പരാതി ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്പി അലന്‍സിയറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വനിത കമ്മിഷന്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും അധ്യക്ഷ പി. സതീദേവി പറഞ്ഞു.

നടൻ അലൻസിയറിൻ്റെ പെൺപ്രതിമ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി മന്ത്രി ജെ. ചിഞ്ചു റാണി രംഗത്തെത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ചലച്ചിത പുരസ്കാരം ഏറ്റുവാങ്ങി അലൻസിയർ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്കാരിക കേരളത്തിന് നിരക്കാത്തതുമാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

More Stories from this section

family-dental
witywide