ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിൽ ഒരാഴ്ചയോളം നീണ്ട് നിന്ന ഏറ്റുമുട്ടൽ അവസാനിച്ചു. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഉസൈർ ഖാൻ ഉൾപ്പെടെ രണ്ട് ഭീകരരെ സൈന്യം വധിച്ചതോടെയാണ് ഏറ്റുമുട്ടൽഅവസാനിപ്പിച്ചത്. ഉസൈർ ഖാൻ എന്ന ഭീകരനാണ് ആക്രമണം നടത്തിയത്. ഇയാളെക്കുറിച്ചു വിവരം നൽകുന്നവർക്ക് നേരത്തെ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അനന്ത്നാഗ് ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും പ്രദേശത്തു തെരച്ചിൽ തുടരുകയാണ്.
കൊക്കർനാഗിലെ ഗാദുലിലെ വനത്തിലും മലയോര മേഖലയിലുമാണ് ഏഴു ദിവസം നീണ്ട നിന്ന ഏറ്റുമുട്ടൽ നടന്നത്. ലഷ്കർ കമാൻഡർ ഉസൈർ ഖാൻ കൊല്ലപ്പെട്ടതായി കശ്മീർ എഡിജിപി വിജയ് കുമാർ സ്ഥിരീകരിച്ചു. ഇയാളിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ മറ്റൊരു ഭീകരന്റെ മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്.
കൊക്കർനാഗിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സൈനികനും വീരമൃത്യു വരിച്ചിരുന്നു. ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ ശാഖയായ ടിആർഎഫ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.