ഒരുപറ്റം കുഞ്ഞുങ്ങളുടെ ജീവിതകഥകളുമായി ഡോ.ഗോപിനാഥ് മുതുകാടിന്റെ സ്‌നേഹ സന്ദര്‍ശനം

വൈകല്യങ്ങളോടെ ജനിച്ചതിന്റെ പേരില്‍ ഒറ്റപ്പെട്ടു കഴിയേണ്ടി വരുന്നവരില്‍ ഏറ്റവും കൂടുതല്‍ ദുരിതം പേറുന്നത് കുട്ടികളാണ്. അത്തരം കുട്ടികളെ ഏറ്റെടുത്ത് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സജ്ജമാക്കിയ ഡോ. ഗോപിനാഥ് മുതുകാടിനൊപ്പം ഈ കുട്ടികളുടെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ അമേരിക്കയില്‍ വിവിധ വേദികള്‍ ഒരുക്കുന്നു. ഇതിനോടകം രണ്ട് വേദികള്‍ പിന്നിട്ട ഗോപിനാഥ് മുതുകാട് സെപ്റ്റംബര്‍ 12 ന് റോക്ക് ലാന്‍ഡ് കൗണ്ടിയിലെത്തും. 13നു യോങ്കേഴ്‌സ് റോട്ടറി ക്ലബ് വൈകിട്ട് 5 മണി മുതല്‍ 7 മണി വരെ ഒരുക്കുന്ന വിരുന്നില്‍ അദ്ദേഹത്തെ പുരസ്‌ക്കാരം നല്‍കി ആദരിക്കും.

അമേരിക്കന്‍ സമൂഹവും മലയാളി സമൂഹവും ചടങ്ങില്‍ പങ്കെടുക്കും. 8.30 മുതല്‍ ലീലാ മാരേട്ടിന്റെ വസതിയില്‍ നടത്തുന്ന ഡിന്നറിലും ഗോപിനാഥ് മുതുകാട് പങ്കെടുക്കും. സെപ്റ്റംബര്‍ 14നു ഉച്ചയ്ക്ക് ലോങ്ങ് ഐലന്‍ഡില്‍ ബേബി മാത്യുവിന്റെ വസതിയില്‍ ഉച്ചഭക്ഷണ സല്‍ക്കാരത്തില്‍ നിരവധി മലയാളികള്‍ ഭിന്നശേഷി കുട്ടികള്‍ക്കായി ഒത്തുചേരും. വൈകുന്നേരം റോക്ക് ലാന്‍ഡ് കൗണ്ടി സിത്താര്‍ പാലസില്‍ വച്ച് നടക്കുന്ന കൂട്ടായ്മയില്‍ ഗോപിനാഥ് മുതുകാടിനൊപ്പം സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ നിരവധി നേതാക്കളും കുടുംബവും പങ്കെടുക്കും. സെപ്റ്റംബര്‍ പതിനഞ്ചിന് വെള്ളിയാഴ്ച ഹാനോവറില്‍ മേഴ്‌സി ഫുള്‍ ചാരിറ്റീസിന്റെ നേതൃത്വത്തില്‍ BWI CLARION ഹോട്ടലില്‍ വൈകിട്ട് 6:30 ന് ചാരിറ്റി ഡിന്നര്‍ പ്രോഗ്രാം, സെപ്റ്റംബര്‍ 16 ന് ന്യൂയോര്‍ക്ക് ക്വീന്‍സിലെ കുട്ടനാട് റെസ്റ്റോറെന്റിന്റെ ഉത്ഘാടനം രാവിലെ 10.30 നു നടക്കും.

ഗോപിനാഥ് മുതുകാട്, സെനറ്റര്‍ കെവിന്‍ തോമസ്, കൗണ്‍സില്‍ മെമ്പര്‍ ലിന്‍ഡ ലീ,അസംബ്ലി മെമ്പര്‍ എഡ് ബ്രൗണ്‍സ്റ്റീന്‍ എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ക്വീന്‍സിലുളള എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നു. 11.30 നു അമേരിക്കയിലെ ആദ്യത്തെ മലയാളി സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷത്തില്‍ ഗോപിനാഥ് മുതുകാട് സംസാരിക്കും. വൈകിട്ട് നാല് മണി മുതല്‍ മട്ടന്‍ ടൗണില്‍ ജോണ്‍ സാമുവലിന്റെ വസതിയില്‍ ഫണ്ട് റേസിംഗ് ഇവന്റ് നടക്കും. സെപ്റ്റംബര്‍ 17ന് ന്യൂയോര്‍ക്ക് മോന്‍സിയിലുള്ള ഹോളി ഫാമിലി എസ്. എം സി. സി ചര്‍ച്ച് ഹാളില്‍ രാവിലെ 8:30 മുതല്‍ 10:30 വരെ ചര്‍ച്ച് വിമന്‍സ് ഫോറം സംഘടിപ്പിക്കുന്ന കൂട്ടായ്മയിലും ഡോ. ഗോപിനാഥ് മുതുകാട് പങ്കെടുക്കും.

സെപ്റ്റംബര്‍ 17ന് ന്യൂജേഴ്‌സി അമേരിക്കന്‍ ലീജിയണ്‍ പോസ്റ്റില്‍ 12 മുതല്‍ മൂന്ന് വരെ നോര്‍ത്ത് അമേരിക്കന്‍ മലയാളീസ് ആന്‍ഡ് അസോസിയേറ്റഡ് മെമ്പേഴ്‌സ്-നാമം ഒരുക്കുന്ന ഓണാഘോഷത്തില്‍ ഡോ. ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകും. ഓണാഘോഷങ്ങള്‍ ഭിന്ന ശേഷി കുട്ടികള്‍ക്കായി സമര്‍പ്പിക്കുന്ന മനോഹര കാഴ്ചകാണുവാന്‍ ന്യൂ ജേഴ്‌സി മലയാളി സുഹൃത്തുക്കളെ ക്ഷണിക്കുന്നു. വൈകിട്ട് 6 മണി മുതല്‍ സോമി പടന്നമാക്കലിന്റെ വസതിയില്‍ ഫണ്ട് റേസിംഗ് ഡിന്നര്‍ നടക്കും

ഭിന്നശേഷിക്കാരായ മുന്നൂറ് കുട്ടികളെ ചേര്‍ത്ത് പിടിച്ച് മുന്നോട്ടു പോകുന്ന ഡോ. മുതുകാടിന് ഇതിനോടകം അമേരിക്കന്‍ മലയാളികളുടെ നിസ്വാര്‍ത്ഥമായ സഹായം ലഭിച്ചിട്ടുണ്ട്. കലയുടേയും വിനോദങ്ങളുടേയും നിറങ്ങളുടേയും ലോകത്തേക്ക് ഇനിയും കാസര്‍ഗോഡ് ജില്ലയിലെ കുട്ടികളെയാണ് ഇനി ഹൃദയം കൊണ്ട് അദ്ദേഹം സ്വീകരിക്കുന്നത്. അതിനായി ലോക മലയാളികളുടെ ഹൃദയം നിറഞ്ഞ പിന്തുണ അത്യാവശ്യമാണ്. അതിനായുള്ള രണ്ടാംഘട്ട യാത്രയാണിപ്പോള്‍ അമേരിക്കയിലുടനീളം നടക്കുന്നത്.

സെപ്റ്റംബര്‍ എട്ടിന് കൊളംബസില്‍ നടന്ന കൂട്ടായ്മ വന്‍ വിജയം ആയിരുന്നു. സെപ്റ്റംബര്‍ 9 ന് സെന്‍ട്രല്‍ ഒഹായോ മലയാളി അസ്സോസിയേഷന്‍ (COMA) സംഘടിപിച്ച ഓണാഘോഷം രണ്ടു കൈയ്യും നീട്ടി ഒഹായോ മലയാളികള്‍ സ്വീകരിച്ചു. സെപ്റ്റംബര്‍ 11 തിങ്കളാഴ്ച്ച വൈകിട്ട് 6 മണിക്ക് ഡാളസ് കിയ ഇമ്പോര്‍ട്ട്‌സ് ഹാളില്‍ നടന്ന പരിപാടിയും ഗംഭീരമായി. കോപ്പേല്‍ സിറ്റി മേയര്‍ പ്രൊ ടെം ബിജു മാത്യു പങ്കെടുത്തു. ഗാര്‍ലാന്‍ഡ് സിറ്റി കൗണ്‍സിലറും മേയര്‍ പ്രൊ ടെം കൂടിയായ എഡ് മൂര്‍ ആശംസയും അറിയിച്ച പ്രോഗ്രം ഭിന്നശേഷി കുട്ടികളുടെ ജീവിത വിജയത്തിനുള്ള കൂട്ടായ്മയായി മാറി.നിരവധി മലയാളി കുടുംബങ്ങള്‍ പങ്കെടുത്തു.

നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങള്‍ മായാജാല പ്രകടനങ്ങള്‍ കാഴ്ചവെച്ച് ലോകത്തെ വിസ്മയിച്ച ഗോപിനാഥ് മുതുകാട് പ്രൊഫഷണല്‍ മാജിക്ക് ജീവിതത്തിനെ ഉപേക്ഷിച്ചാണ് ഭിന്നശേഷി ക്കാരായ കുട്ടികളുടെ പുനരധിവാസത്തിനായും ജീവിത വളര്‍ച്ചയ്ക്കായും അദ്ദേഹം രംഗത്തിറങ്ങിയത്. അവരുടെ എക്കാലത്തേയും ജീവിത വിജയത്തിനായി തന്റെ ശിഷ്ട ജീവിതം മാറ്റിവെയ്ക്കുമ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മാതൃകയായ ഓരോ അമേരിക്കന്‍ മലയാളികളും തങ്ങളുടേതായ പിന്തുണയും കരുതലുമായി ഒപ്പം കൂടണം. ആ കുട്ടികളുടെ സ്‌പോണ്‍സര്‍മാരാകണം. റവ. ഡോ. സണ്ണി ഫിലിപ്പ് (ഗേറ്റ് വേ മിനിസ്ട്രി), ഡോ. ജേക്കബ് തോമസ് (ഫോമ പ്രസിഡന്റ്), ഫാ. റോബര്‍ട്ട് അമ്പലത്തിങ്കല്‍ (ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ചര്‍ച്ച്), ജോര്‍ജ് കൊട്ടാരം (ഗ്ലോബല്‍ വോയ്‌സ് ) എന്നിവരും ഈ കൂട്ടായ്മയില്‍ പങ്കെടുക്കും.

ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസം, കലാകായിക മേഖലകളിലെ വിദഗ്ദ്ധ പരിശീലനം, മാനസിക, ആരോഗ്യ, സാമൂഹ്യ മേഖലയിലെ പുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഗോപിനാഥ് മുതുകാടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഓരോ അമേരിക്കന്‍ മലയാളികളും ഒപ്പം കൂടണം. അമേരിക്കയുടെ വിവിധ ഇടങ്ങളില്‍ ഭിന്നശേഷി ക്കാരായ കുട്ടികളുടെ ആജീവനാന്ത ജീവിത വിജയത്തിനായി നമുക്കാവുന്നത് നല്‍കി സഹായിക്കാം. അവരെ ഹൃദയത്തോട് ചേര്‍ക്കാന്‍ ഒരു ചെറു പുഞ്ചിരി തന്നെ ധാരളം എന്ന ഡോ. ഗോപിനാഥ് മുതുകാട് നമ്മോട് പറയു. മലയാളത്തിന് അമേരിക്കന്‍ മലയാളികള്‍ നല്‍കുന്ന ഉപാധികള്‍ ഇല്ലാത്ത കരുതലാവട്ടെ ഈ ഒത്തുചേരലുകള്‍.

ഈ സ്‌നേഹ സ്പര്‍ശത്തിന് അമേരിക്കയുടെ വിവിധ ഇടങ്ങളില്‍ നേതൃത്വം നല്‍കുന്നത് ഷിബു നായര്‍ (കൊളംബസ്) പി.സി. മാത്യു, (ഡാളസ് ), ജോര്‍ജ് ജോണ്‍ കല്ലൂര്‍ (യോങ്കേഴ്സ്), ജോയി പരിക്കാപ്പള്ളി (വാഷിംഗ്ടണ്‍ ഡിസി) ഷൈന്‍ റോയി, ലീനു വയലുങ്കല്‍, സോമി പടന്നമാക്കല്‍ (റോക്ക് ലാന്‍ഡ് കൗണ്ടി ),മാധവന്‍ നായര്‍ (ന്യൂ ജേഴ്‌സി), ജോണ്‍ സാമുവേല്‍, ലീല മാരേട്ട്, ബേബി മാത്യു (ലോങ്ങ് ഐലന്‍ഡ് )എന്നിവരാണ്. കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ വികാസം പ്രാപിക്കുന്ന ഭിന്ന ശേഷി കുട്ടികളുടെ പുനരധിവാസത്തിന് ഭാരതം കണ്ട ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയായ ഡോ. ഗോപിനാഥ് മുതുകാടിനൊപ്പം, ഒരു പറ്റം കുഞ്ഞുങ്ങള്‍ക്കായി നമുക്ക് കൈ കോര്‍ക്കാം.

പോള്‍ കറുകപ്പിള്ളില്‍
അഡൈ്വസറി ബോര്‍ഡ് മെമ്പര്‍
Different Art Centre for Differently abled children
കഴക്കൂട്ടം, തിരുവനന്തപുരം
(845-553-5671)