കോഴിക്കോട് : കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലുള്ള ചെറുവണ്ണൂര്‍ സ്വദേശിക്ക് കൂടി നിപ്പ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആക്ടീവ് നിപ്പ കേസുകളുടെ എണ്ണം 4 ആയി. ഓഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശിക്ക് നിപ്പ സ്ഥിരീകരിച്ചു. ഇയാളില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് നിപ്പ വൈറസ് കിട്ടിയതെന്ന് കരുതുന്നു. ഇന്നു രോഗം സ്ഥിരീകരിച്ച ചെറുവണ്ണൂര്‍ സ്വദേശിയും 30 ന് മരിച്ച മരുതോങ്കര സ്വദേശിയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഒരേ ദിവസം ഉണ്ടായിരുന്നു. കരള്‍ രോഗമുള്ളതി നാല്‍ ഇയാളുടെ മരണം നിപ്പ മൂലമാണെന്ന സംശയം അന്ന് ഉയര്‍ന്നില്ല. മറ്റ് പരിശോധനകളുടെ ഭാഗമായി ഇയാളുടെ ശരീര സ്രവം ആശുപത്രിയില്‍ പരിശോധനയ്ക്ക് കൊടുത്തിരുന്നു. ഇന്ന് അതെടുത്ത് പരിശോധിച്ചപ്പോള്‍ നിപ്പ പോസിറ്റീവാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ആ ആശുപത്രിയിലെ 30 ആരോഗ്യപ്രവര്‍ത്തകരുടെ സാമ്പിള്‍ ഇന്ന് പരിശോധിച്ചു. എല്ലാം നെഗറ്റീവാണ്. ഇന്ന് നിപ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറിക്കിയിട്ടുണ്ട്.
നിപ സമ്പര്‍ക്കപ്പട്ടികയില്‍ 1080 പേരാണ് ഉള്ളത്. ഇതില്‍ 327 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
ആദ്യം മരിച്ച വ്യക്തിയുമായി മറ്റ് ജില്ലകളിലുള്ളവര്‍ക്കും സമ്പര്‍ക്കം ഉണ്ട്. മലപ്പുറം(22), കണ്ണൂര്‍(3), തൃശൂര്‍(3), വയനാട്(1) എന്നീ ജില്ലകളിലായി 29 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിപ്പ പരിശോധനയക്ക് മൊബൈല്‍ ലാബ് സജ്ജമാണ്. അതുകൊണ്ട് പുണെ എന്‍ഐവിയിലേക്ക് അയക്കേണ്ടതില്ല.
അതിനിടെ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കനത്ത ജാഗ്രത നിര്‍ദേശമുണ്ട്. ബീച്ച് ഉള്‍പ്പെടെ ആളുകള്‍ കൂട്ടം കൂടുന്ന എല്ലായിടങ്ങളും ഒഴിപ്പിച്ചു. ചെറുവണ്ണൂര്‍ കൂടി കണ്ടെയിന്‍മെന്റ് സോണായി. അങ്ങനെ 10 പഞ്ചായത്തുകളില്‍ കണ്ടെയിൻമെൻ്റ് തോണുകളുണ്ട് ഇപ്പോള്‍.
നിപ വൈറസിന്റെ സാഹചര്യത്തില്‍ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരാഴ്ച അടച്ചിടും. ശനിയാഴ്ചവരെ ഓണ്‍ലൈന്‍ ക്ലാസ് മാത്രമായിരിക്കും ഉണ്ടാവുക എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഒരാഴ്ച അവധി നല്‍കിയിരിക്കുന്നത്. ഇന്‍ക്യുബോഷന്‍ പിരീഡ് കഴിഞ്ഞാല്‍ മാത്രമേ കാര്യങ്ങള്‍ നിയന്ത്രണവിധേമയോ എന്ന് പറയാന്‍ സാധിക്കൂ. 15 ദിവസം കൂടി കാത്തിരിക്കേണ്ടതുണ്ട്.
കേരളത്തില്‍ നിപ്പ ഉണ്ടായ സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി. കര്‍ണാടക, തമിഴ് നാട് തിര്‍ത്തികളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കേരളത്തില്‍നിന്നുള്ളവരെ പരിശോധിച്ചിട്ടാണ് കടത്തിവിടുന്നത്. ഊഷ്മാവ് അളക്കുകയും വിലാസവും ഫോണ്‍ നമ്പറും ശേഖരിക്കുകയും ചെയ്യുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലുള്ല പല സര്‍വകലാശാലകളും നിപ്പ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി മാത്രമേ വരാവൂ എന്ന് മലയാളി വിദ്യാര്‍ഥികളോട് ആവശ്യപ്പെടുന്നുമുണ്ട്.
ജില്ലയില്‍ ആറ് നിപ്പ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു. സംശയങ്ങള്‍ക്കായി 8848972904 എന്ന നമ്പറില്‍ ബന്ധപ്പെടാം..