തൃശൂര്‍: കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നടത്തിയ അന്വേഷണത്തില്‍ 500 കോടിയുടെ തട്ടിപ്പ് പുറത്തുവരുന്നു. കരുവന്നൂര്‍ ഉള്‍പ്പെടെ മറ്റ് നിരവധി സഹകരണ ബാങ്കുകളിലേക്ക് തട്ടിപ്പ് നീണ്ടിട്ടുണ്ട്. മുഖ്യപ്രതിയും രാഷ്ട്രീയക്കാരുടെ ബെനാമിയുമായ പി. സതീശനാണ് വന്‍തട്ടിപ്പ് നടത്തിയത്.മറ്റൊരു പ്രതിയായ അനില്‍കുമാര്‍ ഒളിവിലാണ്. അന്വേഷണം മറ്റ് സഹകരണ ബാങ്കുകളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.
തുടക്കത്തില്‍ 300 കോടി തട്ടിപ്പ് എന്നായിരുന്നു കണ്ടെത്തല്‍ എന്നാല്‍ ഇത് 500 കോടിയിലുമേറെയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. കള്ളപ്പണം വെളുപ്പിക്കല്‍, ബൊനാമി ഇടപാട്, വ്യാജ ആധാരവച്ച് ലോണ്‍ തട്ടിയെടുത്തല്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ ഇഡി കണ്ടെത്തിയിട്ടുണ്ട്.
അതിന്റെ ഭാഗമായി പല സഹകരണബാങ്കുകളിലും ആധാരമെഴുത്ത് ഓഫിസുകളിലുമടക്കം എറണാകുളം തൃശൂര്‍ ജില്ലകളിലെ 9 ഇടത്ത് ഇഡി റെയ്ഡ് പുരോഗമിക്കുന്നു. എറണാകുളത്ത് വ്യവസായിയായ ദീപക് സത്യപാലന്റെ വീട്ടിലും പരിശോധന പുരോഗമിക്കുന്നു. ഇയാള്‍ക്ക് ഏതാണ്ട് ആറോളം കടലാസ് കമ്പനികളുണ്ടെന്നാണ് കണ്ടെത്തല്‍. അതുവഴി അഞ്ചരക്കോടി വെളുപ്പിച്ചു എന്നാണ് കണ്ടെത്തല്‍. കരുവന്നൂര്‍ കേസിലെ രണ്ടാം പ്രതിയും 60 കോടി തട്ടിയെന്ന ആരോപിതനുമായ പി.പി.കിരണിന്റെ സുഹൃത്താണ് ദീപക്.
തൃശൂരിലെ അയ്യന്തോള്‍ സഹകരണ ബാങ്ക് വഴി ഏതാണ്ട് 40 കോടി കള്ളപ്പണം സതീശന്‍ വെളുപ്പിച്ചതായി ഇഡി നേരത്തേ കണ്ടെത്തിയിരുന്നു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ സതീശന്‍ സംസ്ഥാനത്തെ മുതിര്‍ന്ന സിപിഎം നേതാക്കളുമായി അടുത്തബന്ധമുള്ളയാളാണ്.
ഇഡിയുടെ കൊച്ചിയില്‍ നിന്നുള്ള 40 അംഗ സംഘമാണ് വിവിധ ഇടങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ പരിശോധന നടത്തുന്നത്. സിപിഎം നേതാവ് എം.കെ. കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും റെയ്ഡ് നടക്കുന്നുണ്ട്. കേരള ബാങ്ക് വൈസ് പ്രസിഡന്റ് കൂടിയായ കണ്ണന്റെ സാന്നിധ്യത്തിലാണ് റെയ്ഡ്.കരുവന്നൂര്‍ ബാങ്കിലെത്തിച്ച് വെളുപ്പിച്ച കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് അടക്കം 4 ബാങ്കുകള്‍ വഴി പുറത്ത് കടത്തിയെന്നാണ് ഇഡി കണ്ടെത്തല്‍ .
വിദേശത്തുനിന്നുള്ള കള്ളപ്പണം കൂടാതെ പൊലീസ് ഉദ്യോഗസ്ഥര്‍ വാങ്ങിച്ച കൈക്കൂലിപ്പണവും ഈ രീതിയില്‍ വെളിപ്പിച്ചെടുത്തെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്.
സിപിഎം ഉന്നതരുമായി ബന്ധമുള്ള സതീശനെ ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് ഈ പരിശോധനകള്‍. ഇയാള്‍ ഇഡിയുടെ കസ്റ്റഡിയിലാണ്. നാളെ എ സി മൊയ്തീനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം 31ന് ചോദ്യം ചെയ്യലിന് മൊയ്തീന്‍ ഹാജരായിരുന്നു. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുളള 28ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചിരുന്നു. എ സി മൊയ്തീന്റെ നിര്‍ദേശപ്രകാരമാണ് പല വായ്പകളും നല്‍കിയതെന്നാണ് ഇഡി പങ്കുവെച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.