കലക്ടറുടെ ഉത്തരവിരിക്കെ നിപ പ്രോട്ടോക്കോള്‍ ലംഘിച്ച് കോഴിക്കോട് നവോദയ സ്‌കൂള്‍ പ്രവര്‍ത്തിച്ചു; നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി

നിപ ജാഗ്രതയെ തുടര്‍ന്ന് കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടും നിപ പ്രോട്ടോക്കോള്‍ ലംഘിച്ച് സ്‌കൂള്‍ പ്രവര്‍ത്തിച്ച സംഭവത്തില്‍ ഉടന്‍ ഇടപെടുമെന്ന് ആരോഗ്യമന്ത്രി. നിയന്ത്രണങ്ങള്‍ വകവെയ്ക്കാതെയാണ് കോഴിക്കോട് നവോദയ സ്‌കൂള്‍ പ്രവര്‍ത്തിച്ചത്. നിപ ബാധിച്ച് രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കുമെന്നും വിദ്യാര്‍ത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കരുതെന്നും കളക്ടറുടെ ഉത്തരവിരിക്കെയാണ് പ്രോട്ടോക്കോള്‍ ലംഘിച്ച് സ്‌കൂള്‍ പ്രവര്‍ത്തിച്ചത്.

സെപ്റ്റംബര്‍ 23 ശനിയാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടുള്ളൂ എന്ന കര്‍ശന നിര്‍ദ്ദേശമിരിക്കെ 500 ന് മുകളിലുള്ള വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ എത്തിയത്. റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആയതിനാലാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു വിഷയത്തില്‍ നവോദയ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ കളക്ടര്‍ നിര്‍ദേശം നല്‍കുന്നത് എല്ലാവരും പാലിക്കാനാണെന്നും കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങള്‍ എന്ന വേര്‍തിരിവ് ഇല്ലെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഇന്നുതന്നെ നിര്‍ദേശം നല്‍കുമെന്ന് കളക്ടറും വ്യക്തമാക്കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കുമെന്നും വിദ്യാര്‍ത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കരുതെന്നും കളക്ടറുടെ ഉത്തരവിലുണ്ട്. നിപ ബാധിച്ച് രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ വലിയ നിയന്ത്രണമാണ് കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം നിയന്ത്രണങ്ങള്‍ വകവെയ്ക്കാതെ കോഴിക്കോട് എന്‍ഐടിയും ഇന്നലെ പ്രവര്‍ത്തിച്ചുവെന്നും നിയന്ത്രണം ലംഘിച്ച് ക്ലാസും പരീക്ഷയും നടത്തുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

More Stories from this section

dental-431-x-127
witywide