വടക്കന്‍ കശ്മീരിലെ ബാരാമുള്ളയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചു. ബാരാമുള്ള ജില്ലയിലെ ഉറി, ഹത്ലംഗ മേഖലയില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെയാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സൈനിക നടപടി. പാക് സൈന്യത്തിന്റെ സഹായത്തോടെയാണ് ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യവും സിആര്‍പിഎഫും പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചത്. സൈന്യം പ്രദേശം വളഞ്ഞതോടെ ഭീകരര്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങി, തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു. മൂന്നു പേരെ വധിച്ചു. ഇതില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പാക് പോസ്റ്റില്‍ വെടിവയ്പ്പ് തുടരുന്നതിനാല്‍ മൂന്നാമന്റെ മൃതദേഹം വീണ്ടെടുക്കാനായിട്ടില്ല.
അതേസമയം ജമ്മുവിലെ അനന്ത്‌നാഗില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കശ്മീര്‍ എഡിജിപി വെള്ളിയാഴ്ച പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ ഇവിടെ വീരമൃത്യു വരിച്ചിരുന്നു. 72 മണിക്കൂറിന് ശേഷവും ഏറ്റുമുട്ടല്‍ തുടരുകയാണ്.