കാലിഫോർണിയ: കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ പാല്‍ കുപ്പിയില്‍ മദ്യം നിറച്ചു നല്‍കിയ അമ്മ അറസ്റ്റില്‍. കാലിഫോര്‍ണിയയിലാണ് സംഭവം നടന്നത്. ഏഴ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനാണ് അമ്മ മദ്യം നല്‍കിയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ലോസ് ഏഞ്ചല്‍സില്‍ നിന്ന് 55 മൈല്‍ കിഴക്ക് സ്ഥിതി ചെയ്യുന്ന റിയാല്‍ട്ടോയിലെ ഇന്‍കോര്‍പ്പറേറ്റഡ് ഏരിയയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 37കാരിയായ ഹോനെസ്റ്റി ഡി ലാ ടോറെ എന്ന സ്ത്രീയാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഹോനെസ്റ്റി റിയാല്‍ട്ടോയിലൂടെ വാഹനമോടിക്കുമ്പോഴാണ് കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ കുപ്പിയില്‍ മദ്യം നിറച്ച് നല്‍കിയത്.
കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കുട്ടിയെ അപായപ്പെടുത്തിയതിന് ഡി ലാ ടോറെയെ അറസ്റ്റ് ചെയ്യുകയും വെസ്റ്റ് വാലി ഡിറ്റന്‍ഷന്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കും.
സംഭവം ജനങ്ങൾക്കിടയിൽ രോഷവും ആശങ്കയും ഉളവാക്കിയിട്ടുണ്ട്.