
കോഴിക്കോട് നിപ ആശങ്ക പൂര്‍ണ്ണമായി നീങ്ങുന്നു. ഇന്ന് ലഭിച്ച മുഴുവന്‍ ഫലങ്ങളും നെഗറ്റീവ് ആണ്. അതിനിടെ വവ്വാലുകള്‍, കാട്ടു പന്നി എന്നിവയുടെ ഉള്‍പ്പെടെ ഭോപ്പാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസിലേക്ക് അയച്ച 42 സാമ്പിളുകളുടേയും ഫലം നെഗറ്റീവാണ്. ആദ്യം നിപ ബാധിച്ച് മരിച്ച മുഹമ്മദലിയുടെ പ്രദേശമായ മരുതോങ്കരയില്‍ കാട്ടുപന്നികള്‍ തുടര്‍ച്ചയായി ചത്ത നിലയില്‍ കാണപ്പെട്ടത് സംശയത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് മരുതോങ്കരയില്‍ നിന്നാണ് പ്രധാനമായും സാമ്പിളുകള്‍ ശേഖരിച്ചത്.
അതേസമയം നിപയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ പൊതുപരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും. 13 മുതല്‍ ഏര്‍പ്പെടുത്തിയ പൊതു പരിപാടികള്‍ക്കുള്ള നിയന്ത്രണത്തില്‍ ഇളവ് തേടി രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പെടെ സമീപിച്ചിരുന്നെങ്കിലും തല്ക്കാലം ഇളവ് വേണ്ടെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കളക്ടറുടെ ഉത്തരവ്. അടുത്തമാസം ഒന്നു വരെ നിയന്ത്രണം തുടരണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കണ്ടെയിന്മെന്റ് സോണുകളില്‍ ഓണ്‍ ലൈന്‍ ക്ലാസുകള്‍ തന്നെ തുടരുകയാണ്.