ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ പങ്കാളിത്തം ഉണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം നയതന്ത്ര തര്‍ക്കത്തിന് തുടക്കമിട്ടതിന് പിന്നാലെ, വര്‍ദ്ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ കാനഡയിലെ തങ്ങളുടെ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ച് ഇന്ത്യ. കാനഡയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും നല്‍കിയ നിര്‍ദ്ദേശത്തില്‍ ഇന്ത്യ വിരുദ്ധ അജണ്ടയെ എതിര്‍ക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്കെതിരെ ഭീഷണിയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കാനഡയില്‍ വര്‍ദ്ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയമായി അംഗീകരിക്കപ്പെടുന്ന വിദ്വേഷ കുറ്റകൃത്യങ്ങളും അക്രമങ്ങളും കണക്കിലെടുത്ത്, അവിടെയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും അതീവ ജാഗ്രത പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഇന്ത്യന്‍ നയതന്ത്രജ്ഞരെയും ഇന്ത്യാ വിരുദ്ധ അജണ്ടയെ എതിര്‍ക്കുന്ന ഇന്ത്യന്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള ഭീഷണികള്‍ അടുത്തിടെയായി വര്‍ധിച്ചുവരികയാണ്.
ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ വെബ്‌സൈറ്റ് പ്രകാരം കാനഡയില്‍ 230,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും 700,000 പ്രവാസി ഇന്ത്യക്കാരുമുണ്ട്. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനും കോണ്‍സുലേറ്റുകളും കനേഡിയന്‍ അധികൃതരുമായി ബന്ധം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.
കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും വിദ്യാര്‍ത്ഥികളും ഒട്ടാവയിലെ ഹൈക്കമ്മീഷനിലോ ടൊറന്റോയിലെയും വാന്‍കൂവറിലെയും കോണ്‍സുലേറ്റുകളിലോ അവരുടെ വെബ്സൈറ്റുകള്‍ വഴിയോ MADAD പോര്‍ട്ടല്‍ (madad.gov.in) വഴിയോ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഏതെങ്കിലും അടിയന്തര സാഹചര്യമോ അനിഷ്ട സംഭവങ്ങളോ ഉണ്ടായാല്‍ കാനഡയിലെ ഇന്ത്യന്‍ പൗരന്മാരുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ രജിസ്‌ട്രേഷന്‍ സഹായകമാകും.
ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ വാക്കുകളെ അസംബന്ധം എന്ന് ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. കനേഡിയന്‍ മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ഇന്ത്യയുടെ ആവശ്യത്തോടുള്ള നിസ്സംഗതയെ തുടര്‍ന്ന് നേരത്തേതന്നെ വഷളായ ഉഭയകക്ഷി ബന്ധത്തെ ഈ ആരോപണം സാരമായിത്തന്നെ ബാധിച്ചിരിക്കുകയാണ്.