ട്രംപിന്റെ പരസ്യ പ്രസ്താവനകള്‍ക്കു വിലക്കു കല്‍പിക്കണമെന്നു സ്‌പെഷ്യല്‍ കൗണ്‍സല്‍ ജാക്ക് സ്മിത്ത്

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരസ്യ പ്രസ്താവനകള്‍ക്കു പരിമിതമായ വിലക്കു കല്‍പിക്കണമെന്ന ആവശ്യവുമായി ജാക്ക് സ്മിത്ത്. ഡൊണാള്‍ഡ് ട്രംപ് 2020 തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിച്ചുവെന്ന കേസിലെ സ്‌പെഷ്യല്‍ കൗണ്‍സലാണ് ജാക്ക് സ്മിത്ത്. കോടതിക്കും ജൂറിക്കും സാക്ഷികള്‍ക്കും പ്രോസിക്യൂഷനും എതിരെ വ്യക്തികളെ സ്വാധീനിക്കാന്‍ ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടിയ സ്മിത്ത് ട്രംപിന്റെ പരസ്യ പ്രസ്താവനകള്‍ക്കു പരിമിതമായ നിയന്ത്കണമേര്‍പ്പെടുത്തണമെന്ന് ജഡ്ജ് ടാന്യ ചുട്ട്ക്കനോട് അപേക്ഷിച്ചു.

കോടതിക്കും പ്രോസിക്യൂഷനുമെതിരെ വ്യക്തികളെ സ്വാധീനിക്കാന്‍ ട്രംപ് നടത്തുന്ന ശ്രമങ്ങളും 2020 തിരഞ്ഞെടുപ്പില്‍ തട്ടിപ്പു നടന്നുവെന്നു ട്രംപ് ആവര്‍ത്തിച്ചു പറയുന്നതും ചൂണ്ടിക്കാട്ടിയ സ്മിത്ത് ഈ കേസും കോടതിയുമെല്ലാം അതേ പോലെ തട്ടിപ്പാണെന്നു സ്ഥാപിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും ക്രിമിനല്‍ നീതിന്യായത്തില്‍ വിശ്വാസം ഇല്ലാതാക്കാനാണ് ശ്രമമെന്നും വിമര്‍ശിച്ചു.

വായ് മൂടികെട്ടുന്ന ഉത്തരവല്ല ആവശ്യപ്പെടുന്നതെന്നും പരിമിതമായ നിയന്ത്രണമാണ് വേണ്ടതെന്നും ഉത്തരവില്‍ വേണ്ടത് നുണയും ഭീഷണിയും പ്രചരിപ്പിച്ചു കേസിനെതിരെ ജനശ്രദ്ധ തിരിക്കാനുള്ള ശ്രമം തടയുകയെന്നതാണെന്നും സ്മിത്ത് പറയുന്നു. അതേസമയം ‘ബൈഡന്റെ മനോനില തെറ്റിയ പ്രോസിക്യൂട്ടര്‍’ ജാക്ക് സ്മിത്ത് 45ആം പ്രസിഡന്റിനെ പരിമിതപ്പെടുത്താന്‍ അപേക്ഷിക്കുന്നു എന്ന് ട്രംപ് പരിഹസിച്ചു. ‘നുണയും കേസുമായി നടക്കുന്ന അവര്‍ എന്നെ മിണ്ടാന്‍ അനുവദിക്കില്ല അല്ലേ എന്നും ട്രംപ് ചോദിച്ചു.