നഹാസ് ഹിദായത്ത് ചിത്രം ‘ആര്‍ഡിഎക്‌സ്’ നാളെ മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ആര്‍ഡിഎക്‌സ് നാളെ മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍. തിയററില്‍ വന്‍ വിജയമായിരുന്ന ചിത്രം റിലീസ് ചെയ്ത് കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ഒടിടി റിലീസിനായെത്തുന്നത്. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

എട്ടുകോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ആര്‍.ടി.എക്സ് 84 കോടിയോളം ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയിരുന്നു. ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മാസ് പടം ഉഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ചിത്രം സ്വീകരിച്ചിരിക്കുന്നത്. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവിന്റെ അനുഭവ മികവും ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മികവേകി. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്.

കൊച്ചി കേന്ദ്ര പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പള്ളിപ്പെരുന്നാളും സംഘട്ടനവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമായാണ് കഥ പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ 24 നാണ് നെറ്റ്ഫ്‌ലിക്‌സ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഒടിടിയിലും ചിത്രത്തിന് വന്‍ വിജയം നേടാനാകുമെന്നാണ് പ്രതീക്ഷ.