നിപ പ്രതിരോധം: മോണൊ ക്ലോണൽ ആൻ്റി ബോഡി എത്തി; പരിശോധനയ്ക്ക് കൂടുതൽ സംവിധാനങ്ങൾ

സംസ്ഥാനത്ത് നിപ്പക്കായുള്ള മോണോക്‌ലോൺ ആന്റിബോഡി എത്തി. ആരോഗ്യ മന്ത്രി വീണ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. നിപ പൊസിറ്റീവ് റിപ്പോർട്ട് ചെയ്ത ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും മരണപ്പെട്ട വ്യക്തികളുടെ സമ്പർക്കത്തിലുള്ള എല്ലാവരുടെയും പരിശോധന ഉറപ്പാക്കുമെന്നും വീണാ ജോർജ്ജ് പറഞ്ഞു. നിപ പരിശോധനയ്ക്ക് കൂടുതൽ സംവിധാനങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

രാജീവ് ഗാന്ധി ബയോടെക്നോളജി സജ്ജീകരിച്ച മൊബൈൽ വൈറോളജി ലാബ് നേരെ കോഴിക്കോട്ടേക്ക് പോകും. BSL ലെവൽ 2 ലാബുകളാണ് കോഴിക്കോട്ടേക്ക് എത്തിക്കുന്നത്. നിപയുമായി ബന്ധപ്പെട്ട് കേന്ദ്ര എക്സ്പേർട്ട് കമ്മിറ്റിയുമായി ചർച്ച നടത്തുകയാണെന്നും മന്ത്രി അറിയിച്ചു.

അതേസമയം, നിപയെ തുടർന്ന് ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും (16-9-23) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതലുകളുടെ ഭാഗമായാണ് പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) അവധി പ്രഖ്യാപിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നേരത്തെ ഇന്നും നാളെയു൦ അവധി പ്രഖ്യാപിച്ചിരുന്നു. മുൻകരുതലിന്റെ ഭാഗമായി ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും നിർത്തിവെയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.

നിലവിൽ രോഗം ബാധിച്ച മൂന്ന് പേരും രോഗലക്ഷണങ്ങളുമായി 20 പേരുമാണ് ചികിത്സയിലുള്ളത്. നിപ ബാധിച്ച ആദ്യ മരിച്ച മരുദോഗ്ര സ്വദേശിയുടെ 9 വയസ്സുകാരനായ മകൻ്റെ നില ഗുരുതരമായി തുടരുകയാണ്. കുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണ്.

അതേസമയം രോഗം സ്ഥിരീകരിച്ച ഇതേ കുടുംബത്തിലുള്ള 25 കാരൻ്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് ഇഖ്ര ആശുപത്രിയിലെ 24 കാരനായ മെയിൽ നേഴ്സിന്റെ ആരോഗ്യം നിലയിലും ആശങ്കയില്ല. നിലവിൽ നിപ ബാധിതരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടിക 789 ആണ്. സമ്പർക്ക പട്ടിക ഇനിയും വിപുലമായേക്കും എന്നാണ് സൂചന.

More Stories from this section

family-dental
witywide