ആറുവയസ്സുകാരിയുടെ കയ്യിലിരുന്ന് കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് കുട്ടിക്ക് പരുക്കേറ്റ സംവത്തിന്റെ പശ്ചാത്തലത്തില്‍ നിലവാരമില്ലാത്ത ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കെതിരെ മൊബൈല്‍ ഫോണ്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ രംഗത്ത്. കഴിഞ്ഞ ഞായറാഴ്ചയാണ് കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സയുടെ കൈയ്യില്‍ ഇരുന്ന് കരോക്കേ മൈക്ക് പൊട്ടിത്തെറിച്ചത്. ഓണ്‍ലൈനില്‍ നിന്ന് 600 രൂപക്ക് വാങ്ങിയ ഉല്‍പ്പന്നമായിരുന്നു ഇത്.
ഓണ്‍ലൈനായി വാങ്ങിയ പ്രൊഡക്ട് ആയതിനാല്‍ കൃത്യമായ ബ്രാന്‍ഡ് നയിമോ കാര്യങ്ങളോ ഇല്ലായിരുന്നു. ഇതിനാല്‍ കുടുംബത്തിന് പരാതി നല്‍കാന്‍ പോലും സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഓണ്‍ലൈന്‍ വിപണികള്‍ക്കെതിരെ വിമര്‍ശനവുമായി മൊബൈല്‍ ഫോണ്‍ റീടെലേഴ്സ് അസോസിയേഷന്‍ രംഗത്തെത്തിയത്. ഗുണനിലവാരമില്ലാത്ത ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെടുന്നു. ഓണ്‍ലൈനില്‍ ലഭിക്കുന്നത് ഗുണനിലവാരം കുറഞ്ഞ ഉല്‍പ്പന്നമായതിനാല്‍ ഇത് അപകടമുണ്ടാക്കുന്നുവെന്നാണ് സംഘടനയുടെ ആരോപണം.