‘പൂജാരിയെക്കൊണ്ട് മറുപടി പറയിക്കാനല്ല, മനസില്‍ മാറ്റം വരാനാണ് പറഞ്ഞത്; ജാതിവിവേചനം വെളിപ്പെടുത്തിയതിനെക്കുറിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍

ക്ഷേത്രചടങ്ങിനിടെ ജാതിവിവേചനം നേരിട്ട സംഭവം വെളിപ്പെടുത്തിയതിനെക്കുറിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. പൂജാരിയെ നിയമപരമായി നേരിടണമെന്നോ ശിക്ഷിക്കണമെന്നോ മറുപടി പറയിക്കണമെന്നോ ആഗ്രഹിച്ചല്ല, പൂജാരിയുടെ മനസില്‍ മാറ്റം വരാനാണ് ഇത് ചൂണ്ടിക്കാട്ടിയതെന്ന് മന്ത്രി വിശദീകരിച്ചു. കേരളത്തില്‍ പല ആളുകളുടേയും മനസില്‍ ജാതി ചിന്തയുണ്ട്. എന്നിരിക്കിലും അവര്‍ക്ക് അത് പ്രകടിപ്പിക്കാന്‍ കഴിയാത്ത സാമൂഹ്യാന്തരീക്ഷം ഇവിടെയുണ്ട്. എല്ലാ പൂജാരിമാരും ഇത് പോലെയാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നും മന്ത്രി പറഞ്ഞു.

പലയിടത്തും പല പൂജാരിമാരില്‍ നിന്നും വളരെ നല്ല സ്വീകരണം ലഭിച്ചെന്ന കാര്യവും മറക്കാനാകില്ല. ജാതി വിവേചനങ്ങളെക്കുറിച്ചും ഇതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും ചര്‍ച്ചകളുണ്ടാകണം. ആളുകളുടെ മനസില്‍ മാറ്റം വരണം. അസമത്വം എവിടെയുണ്ടെങ്കിലും അത് നീങ്ങണമെന്നാണ് ആഗ്രഹിക്കുതെന്നും എല്ലാ മനുഷ്യരേയും ഒരുപോലെ കാണുന്ന പാര്‍ട്ടിയില്‍ നിന്നാണ് താന്‍ വരുന്നതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോട്ടയത്ത് നട ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവേയാണ് കേരളത്തില്‍ ഒരു ക്ഷേത്രത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിനിടെ തനിക്ക് ജാതീയ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞത്. ക്ഷേത്രത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ വിളക്ക് കത്തിക്കുന്ന ചടങ്ങില്‍ അവിടുത്തെ പൂജാരിമാര്‍ പരസ്പരം വിളക്കുകള്‍ കൈമാറി കത്തിക്കുകയും തന്റെ ഊഴം എത്തിയപ്പോള്‍ വിളക്ക് നിലത്ത് വെക്കുകയുമായിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. അതേവേദിയില്‍ വെച്ചുതന്നെ പ്രതിഷേധം അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. ജാതിയുടെ പേരില്‍ തന്നെ മാറ്റിനിര്‍ത്തി, താന്‍ കൊടുക്കുന്ന പൈസയ്ക്ക് അയിത്തമില്ല. തനിക്ക് അയിത്തം കല്‍പ്പിച്ചു. അക്കാര്യം അപ്പോള്‍ത്തന്നെ ചടങ്ങില്‍ പ്രസംഗിച്ചുവെന്നും പോയി പണി നോക്കാന്‍ പറഞ്ഞുവെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.