
ഡെന്‍വര്‍ (യുഎസ്): ബാറില്‍ കയറുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതില്‍ പ്രകോപിതയായ യുവതി ആളുകള്‍ക്കു നേരെ വെടിയുതിര്‍ത്തു. അമേരിക്കയിലെ ഡെന്‍വറില്‍ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. രാത്രി 11.15ഓടെയാണ് മറ്റൊരാളുടെ ഐഡി കാര്‍ഡ് ഉപയോഗിച്ച് യുവതി ബാറിനകത്തേക്ക് പ്രവേശിക്കാനൊരുങ്ങിയത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത് തടഞ്ഞതോടെ പ്രകോപിതയായ യുവതി ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവെപ്പിനെത്തുടര്‍ന്ന് ബാറിനു പുറത്ത് ക്യൂ നില്‍ക്കുകയായിരുന്നവര്‍ നിലവിളിച്ച് ഓടുകയായിരുന്നു എന്ന് ഔദ്യോഗികവൃത്തങ്ങള്‍ വിശദീകരിച്ചു. വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രതിയായ യുവതിയെ പൊലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല. ഭാഗ്യം കൊണ്ടാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് സംഭവ സമയം ക്യൂവിലുണ്ടായിരുന്ന ഒരു സ്ത്രീ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ മുന്നിലും പിന്നിലുമായി നിന്നവര്‍ക്ക് വെടിയേറ്റുവെന്നും ഇവര്‍ പറഞ്ഞു. വാക്കുതര്‍ക്കമാണെന്നാണ് കരുതിയതെന്നും എന്താണ് സംഭവിച്ചതെന്ന് അപ്പോള്‍ മനസ്സിലായില്ലെന്നും സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ പറഞ്ഞു.