ഭാര്യയുടെ പ്രസവം കണ്ടതിനെത്തുടര്‍ന്ന് മാനസിക തകരാറുണ്ടായി’; ആശുപത്രി നൂറ് കോടി നഷ്ടപരിഹാരം നല്‍കണമെന്ന് യുവാവ്

മെല്‍ബണ്‍: ഭാര്യയുടെ പ്രസവത്തിന് സാക്ഷിയാവേണ്ടി വന്നതിനെത്തുടര്‍ന്ന് തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടായതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവ് കോടതിയില്‍. ഭാര്യയുടെ പ്രസവം നേരില്‍ കണ്ടതിനു ശേഷം താന്‍ വല്ലാത്തൊരു മെന്റല്‍ ട്രോമയിലൂടെയാണ് കടന്നുപോയതെന്നും അതിനാല്‍ പ്രസവം നടത്തിയ ആശുപത്രി അധികൃതര്‍ തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് യുവാവിന്റെ ആവശ്യം. അനില്‍ കൊപ്പുല എന്ന യുവാവാണ് ആശുപത്രിക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്.

നൂറു കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് അനിലിന്റെ ആവശ്യം. ഓസ്‌ട്രേലിയയിലെ മെല്‍ബണിലെ റോയല്‍ വുമന്‍സ് ആശുപത്രിക്കെതിരെയാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്. തനിക്ക് ഭാര്യയുടെ പ്രസവം കാണാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും എന്നാല്‍ ആശുപത്രി ജീവനക്കാര്‍ തന്നെ ധൈര്യപ്പെടുത്തി ലേബര്‍ റൂമില്‍ കയറാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് ഇയാളുടെ പരാതി. 2018ലായിരുന്നു അനിലിന്റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കിയത്.

രക്തവും അവയവങ്ങളുമെല്ലാം കാണേണ്ടി വന്നത് ഭീകരമായ ട്രോമയാണ് നല്‍കിയതെന്നും വിവാഹ ബന്ധം വരെ തകരുന്ന സ്ഥിതിയിലേക്ക് ഈ സംഭവം നയിച്ചെന്നും യുവാവ് പരാതിയില്‍ വിശദമാക്കുന്നു. ആശുപത്രി ജീവനക്കാര്‍ തങ്ങളുടെ ജോലിയില്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം. കോടതിയില്‍ യുവാവ് തന്നെയാണ് പരാതി വാദിച്ചത്. എന്നാല്‍ തങ്ങള്‍ക്കെതിരായ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. യാതൊരു കൃത്യവിലോപവും നടന്നിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം കോടതി നടപടികളെ ചൂഷണം ചെയ്യുന്നുവെന്ന രൂക്ഷ വിമര്‍ശനത്തോടെ യുവാവിന്റെ പരാതി കോടതി തള്ളി. ദൃശ്യമാകുന്ന രീതിയിലുള്ള പരിക്കുകളോ നാശ നഷ്ടമോ ഇല്ലാത്തതിനാല്‍ ഇതിനെ ഒരു ഹാനി എന്ന രീതിയില്‍ വിലയിരുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. യുവാവിന്റെ മാനസിക നിലവാരത്തേക്കുറിച്ച് വിശദമായ പരിശോധ നടത്തിയ ശേഷമാണ് കോടതി തീരുമാനം. അതിഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കല്‍ പാനല്‍ കോടതിയെ അറിയിച്ചത്.

More Stories from this section

dental-431-x-127
witywide