രോഗവ്യാപനം തടയാന്‍ സാധിച്ചു; കഴിഞ്ഞ നാല് ദിവസമായി നിപ പോസിറ്റീവ് കേസുകള്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി

കഴിഞ്ഞ നാല് ദിവസമായി നിപ പോസിറ്റീവ് കേസുകള്‍ ഇല്ല എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗവ്യാപനം തടയാന്‍ സാധിച്ചു എന്നും മന്ത്രി പറഞ്ഞു. 323 സാമ്പിള്‍ പരിശോധിച്ചു. ഇതില്‍ 317ഉം നെഗറ്റീവാണ്. ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരന്റെ നില മെച്ചപ്പെടുന്നു. ചികിത്സയിലുള്ള മറ്റ് മൂന്നുപേരുടെയും നില തൃപ്തികരമാണ്. 994 പേര്‍ നിലവില്‍ ഐസൊലേഷനിലണ്ട്.

11 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. ഒന്നാം കേസിലെ ഹൈ റിസ്‌ക് കോണ്‍ടാക്ട് എല്ലാം പരിശോധിച്ചു. ഇന്‍ഡക്‌സ് കേസ് പെട്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ആരോഗ്യവകുപ്പിന്റെ നിഗമനം കൃത്യമായിരുന്നു. ഒമ്പത് വയസ്സുള്ള കുഞ്ഞിന്റെ ഓക്‌സിജന്‍ സഹായം നീക്കിയിട്ടുണ്ട്. നന്നായി പ്രതികരിക്കുന്നുണ്ട്. എന്നാല്‍ ഐ.സി.യുവില്‍ നിന്ന് മാറ്റിയിട്ടില്ല എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് നിപ വ്യാപനം തടയാന്‍ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തിയതിനാല്‍ അപകടകരമായ സാഹചര്യം ഒഴിവായതായും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് നിപ വ്യാപനം തടയാന്‍ ശാസ്ത്രീയമായ മുന്‍കരുതലുകള്‍ നടത്തിയത്.