ലോക്സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് മണിപ്പുര്‍ എംപി

ന്യൂഡല്‍ഹി:ലോക്സഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കാന്‍ ബിജെപി അംഗങ്ങള്‍ അനുവദിച്ചില്ലെന്ന് മണിപ്പൂരിലെ എംപി ലോറോ. എസ്. ഫോസ് പറഞ്ഞു. ഭരണകക്ഷിയായ എന്‍ഡിഎയുടെ ഘടകകക്ഷിയായ എന്‍പിഎഫ് പാര്‍ട്ടിയുടെ എംപിയാണ് ലോറോ. മണിപ്പൂരിനെ കുറിച്ച് അമിത് ഷാ സംസാരിക്കുന്നതിനാല്‍ താന്‍ സംസാരിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് ബിജെപി അംഗങ്ങള്‍ തന്നെ ഉപദേശിച്ചെന്ന് ലോറോ വെളിപ്പെടുത്തി. പ്രധാനമന്ത്രി മോദി മണിപ്പുര്‍ സന്ദര്‍ശിക്കേണ്ടതായിരുന്നു എന്നാണ് തന്റെ അഭിപ്രായമെന്നും ലോറോ പറഞ്ഞു. മണിപ്പുരില്‍നിന്നുള്ള കേന്ദ്രമന്ത്രി ആര്‍. കെ. രഞ്ജന്‍ സിങ്ങും ചര്‍ച്ചയില്‍ സംസാരിച്ചിട്ടില്ല.