‘വര്‍മന്‍’ സെന്‍സേഷണല്‍ ആകുമെന്ന് അറിയാമായിരുന്നു; വിനായകനെ അഭിനന്ദിച്ച് രജനികാന്ത്

വര്‍മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ലെന്ന് രജനീകാന്ത്. കഥ കേള്‍ക്കുമ്പോള്‍ തന്നെ വര്‍മന്‍ എന്ന കഥാപാത്രം സെന്‍സേഷണല്‍ ആകുമെന്ന് അറിയാമായിരുന്നുവെന്നും രജനികാന്ത് പറയുന്നു. സിനിമയുടെ വിജയാഘോഷത്തിനിടെയാണ് വിനായകനെ പുകഴ്ത്തി രജനികാന്ത് സംസാരിച്ചത്. രാമനും രാവണനും പോലെ വര്‍മന്‍ ഇല്ലാതെ ജയിലറില്ല. വളരെ മനോഹരമായാണ് വിനായകന്‍ അഭിനയിച്ചിരിക്കുന്നത്. ഷോലെയിലെ ഗബ്ബാന്‍ സിംഗ് പോലെ വര്‍മന്‍ സെന്‍സേഷന്‍ ആകുമെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും രജനീകാന്ത് പറഞ്ഞു.

‘രാവണന്‍ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ഒക്കെ ലഭിച്ചത്. അതുപോലെയാണ് ജയിലറില്‍ വര്‍മനും. വര്‍മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല’ എന്നായിരുന്നു സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങില്‍ താരം പറഞ്ഞത്. സംസാരത്തില്‍ പേരെടുത്ത് പറഞ്ഞ് ഏറ്റവുമധികം അഭിനന്ദിച്ചവരിലൊരാള്‍ വിനായകനായിരുന്നു. സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറാണ് രജനീകാന്ത് പുകഴ്ത്തിയ മറ്റൊരാള്‍.

റീ റെക്കോര്‍ഡിംഗിന് മുന്‍പ് കണ്ടപ്പോള്‍ ആവറേജിന് മുകളിലുള്ള ഒരു അനുഭവം മാത്രമായിരുന്നു തനിക്ക് ജയിലറെന്ന് പറഞ്ഞ താരം അതിനുശേഷം സംഭവിച്ച അനിരുദ്ധ് മാജിക്കിനെ അഭിനന്ദിച്ചു. അണിയറക്കാരുടെയും അഭിനേതാക്കളുടെയും നിര്‍മ്മാതാവിന്റെയും പേരെടുത്തുപറഞ്ഞാണ് താരം അഭിനന്ദനമറിയിച്ചത്. വിജയാഘോഷത്തിന്റെ ഭാഗമായി തനിക്കും സംവിധായകന്‍ നെല്‍സണും അനിരുദ്ധിനും കാറുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് കലാനിധി മാരന്റെ മനസിനെയും രജനീകാന്ത് പ്രശംസിച്ചു.