
ന്യൂഡല്‍ഹി: വാസ്തുവിദ്യക്ക് ജനാധിപത്യത്തെ കൊലപ്പെടുത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍ ഭരണഘടനയെ തിരുത്തിയെഴുതാതെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി വിജയിച്ചിരിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ജയ്‌റാം രമേശ്. പുതിയ പാര്‍ലമെന്റിന്റെ പോരായ്മകള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് ജയറാം രമേശ് ഇക്കാര്യം പറഞ്ഞത്. ഇരു പാര്‍ലമെന്റ് മന്ദിരങ്ങളിലുമായി സല്ലാപങ്ങളുടേയും സംഭാഷണങ്ങളുടേയും മരണം താന്‍ കണ്ടുകഴിഞ്ഞെന്നും പ്രധാനമന്ത്രി ഈ കാര്യത്തില്‍ വിജയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ പുതിയ പാര്‍ലമെന്റിന്റെ പോരായ്മകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍ ചര്‍ച്ചയ്ക്ക് പ്രധാനമായും വഴിവച്ചത് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ ട്വീറ്റാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിനകത്ത് പരസ്പരം കാണണമെങ്കില്‍ ബൈനോക്കുലര്‍ വേണമെന്നായിരുന്നു ജയറാം രമേശിന്റെ വിമര്‍ശനം.
പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ച് നിങ്ങള്‍ എവിടെയെങ്കിലും പെട്ടുപോയാലും വഴികണ്ടെത്തി തിരിച്ചുവരാന്‍ കഴിയുമായിരുന്നു കാരണം പഴയ പാര്‍ലമെന്റ് മന്ദിരം വൃത്താകൃതിയിലായിരുന്നു. എന്നാല്‍ ഇതേ കാര്യം പുതിയ പാര്‍ലമെന്റിലാണെങ്കില്‍ പെട്ടുപോയത് തന്നെയാണ്, അതൊരു ദുര്‍ഘടം പിടിച്ച വഴിയാണ്. പഴയ മന്ദിരത്തിന് കുറച്ചുകൂടി വിശാലതയും സമാധാനത്തില്‍ ശ്വസിക്കാനുള്ള ഇടവും ഉണ്ടായിരുന്നു. എന്നാല്‍ പുതിയത് വളരെ ഇടുങ്ങിയതാണ് എന്ന് ജയറാം രമേശ് ട്വീറ്റില്‍ പറഞ്ഞു.
‘പ്രധാനമന്ത്രിയുടെ ഉദ്ദേശങ്ങള്‍ കൃത്യമായി മനസിലാക്കി തരുന്നതാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. അതിനെ മോദി മള്‍ട്ടിപ്ലക്സെന്നോ, മോദി മാരിയറ്റെന്നോ വിളിക്കണം. പഴയ പാര്‍ലമെന്റില്‍ പോകുന്നത് എനിക്ക് ഇഷ്ടമായിരുന്നു. എന്നാല്‍ പുതിയ മന്ദിരം വേദനാജനകമാണ്. പാര്‍ട്ടിഭേദമന്യേ എന്റെ മറ്റ് സഹപ്രവര്‍ത്തകര്‍ക്കും സമാന അഭിപ്രായം തന്നെയാകുമെന്ന് ഉറപ്പുണ്ട്’- ജയറാം രമേശ് കുറിച്ചു.















