സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പുകളിലൂടെ പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് പത്ത് വനിതാ എംപിമാര്‍. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ ഒരുങ്ങവേയാണ് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ ഗൃഹാതുരുത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ പങ്കുവച്ച് വനിതാ എംപിമാര്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് എംപി രമ്യ ഹരിദാസ്, രാജ്യസഭാ എംപി പി ടി ഉഷ, തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്ര, ശിരോമണി അകാലിദള്‍ എംപി ഹര്‍സിമ്രത് കൗര്‍ ബാദല്‍, ശിവസേനയുടെ (യുബിടി) പ്രിയങ്ക ചതുര്‍വേദി, കേന്ദ്രമന്ത്രിയും അപ്നാദള്‍ (എസ്) എംപിയുമായ അനുപ്രിയ പട്ടേല്‍, ബിജെപി എംപി പൂനം മഹാജന്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) എംപി സുപ്രിയ സുലെ,സ്വതന്ത്ര എംപി നവനീത് റാണ തുടങ്ങിയവരാണ് കുറിപ്പുകള്‍ പങ്കുവെച്ചിട്ടുള്ളത്.
പഴയ പാര്‍ലമെന്റിന്റെ ചരിത്രപരമായ പ്രാധാന്യവും ഓര്‍മ്മകളും വിവരിച്ച എംപി രമ്യാ ഹരിദാസ് ജനാധിപത്യത്തിന്റെ കൊട്ടാരം എന്നും ശക്തമായ തീരുമാനങ്ങളുടെ ജന്മസ്ഥലം എന്നും പാര്‍ലമെന്റിനെ വിശേഷിപ്പിച്ചു. പാര്‍ലമെന്റംഗങ്ങളില്‍ നിന്ന് ലഭിച്ച ഊഷ്മളമായ സ്വീകരണത്തെക്കുറിച്ചാണ് പിടി ഉഷ എഴുതിയത്. അവരില്‍ നിന്ന് ലഭിച്ച പിന്തുണയേയും സ്‌നേഹത്തെയും കുറിച്ച് പിടി ഉഷ വിവരിച്ചു. ആരുടെയും ആദ്യത്തെ വീടെന്നപോലെ ഈ കെട്ടിടത്തിനും എന്റെ ഹൃദയത്തില്‍ എപ്പോഴും ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും” എന്ന് മഹുവ മൊയ്ത്രയും പഴയ പാര്‍ലമെന്റ് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ള അവസരം നല്‍കി എന്നും ഹൃദയത്തില്‍ വിലമതിക്കുന്നതായി എന്നും അതിനെ ഉള്‍ക്കൊള്ളുമെന്ന് നവനീത് റാണയും കുറിച്ചു.
കെട്ടിടത്തിലെ സെഷനുകളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയതിന് മഹാരാഷ്ട്രയിലെയും ബാരാമതി ലോക്സഭാ മണ്ഡലത്തിലെയും ജനങ്ങളോട് നന്ദി പറയുന്നുവെന്ന് സുപ്രിയ സുലെ എഴുതി. പഴയ പാര്‍ലമെന്റ് മന്ദിരത്തിലൂടെയുള്ള തന്റെ യാത്രകളെക്കുറിച്ചാണ് ഹര്‍സിമ്രത് കൗര്‍ ബാദല്‍ വിവരിക്കുന്നത്. 2006-ല്‍ ഒരു സന്ദര്‍ശക മുതല്‍ 2009-ല്‍ ആദ്യമായി എംപി, പിന്നെ 2014-ല്‍ ആദ്യമായി മന്ത്രി വരെ, ജനാധിപത്യത്തിന്റെ ക്ഷേത്രത്തിലെ ഈ 144 തൂണുകള്‍ എന്റെ ഒരുപാട് ഓര്‍മ്മകള്‍ സൂക്ഷിക്കുന്നുവെന്നും അവര്‍ കുറിച്ചു.
ആത്മവിശ്വാസമുള്ള രാഷ്ട്രമെന്ന നിലയില്‍ 75 വര്‍ഷത്തെ നമ്മുടെ യാത്രയെ രൂപപ്പെടുത്തിയ പാര്‍ലമെന്റ്. ഈ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നാണ് പ്രിയങ്ക ചതുര്‍വേദി കുറിച്ചത്. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയും നമ്മുടെ ഭരണഘടനയുടെ രൂപീകരണവും നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങളുടെ പരിണാമവും ശക്തിപ്പെടുത്തലും കണ്ട ഒരു ചരിത്രപരമായ കെട്ടിടത്തിലേക്ക് ഞാന്‍ പ്രവേശിക്കുകയാണെന്ന് എനിക്ക് വളരെ ആഴത്തില്‍ അനുഭവപ്പെട്ടുവെന്ന് അനുപ്രിയ പട്ടേല്‍ എഴുതി.