ഹിന്ദി ഭാഷ ഇന്ത്യയെ ഒന്നിപ്പിക്കുന്നുവെന്ന് പറയുന്നത് അസംബന്ധം’; അമിത് ഷായെ വിമർശിച്ച് ഉദയനിധി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി ദിവസ് പ്രസംഗത്തിനെതിരെ ആഞ്ഞടിച്ചു തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. ഹിന്ദി ഭാഷയെ ജനങ്ങൾക്കിടയിൽ അടിച്ചേൽപ്പിക്കാൻ അമിത് ഷാ ശ്രമിക്കുന്നെന്നും ഹിന്ദി ഒഴികെയുള്ള ഭാഷകളെ പ്രാദേശിക ഭാഷകളായി തരംതാഴ്ത്തുന്നത് അമിത് ഷാ അവസാനിപ്പിക്കണമെന്നും ഉദയനിധി പറഞ്ഞു. നാലോ അഞ്ചോ സംസ്ഥാനങ്ങളിൽ സംസാരിക്കുന്ന ഹിന്ദി രാജ്യത്തെ മുഴുവൻ ഒന്നിപ്പിക്കുന്നുവെന്ന് പറയുന്നത് എന്ത് അസംബന്ധമാണെന്നും ഉദയനിധി ചോദിച്ചു. ഹിന്ദി പഠിച്ചാൽ മുന്നേറാം എന്ന ആക്രോശത്തിന്റെ ബദൽ രൂപമാണ് ഷായുടെ പ്രഖ്യാപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘തമിഴ്‌നാട്ടിൽ തമിഴ് – കേരളത്തിൽ മലയാളം. ഈ രണ്ട് സംസ്ഥാനങ്ങളെ ഹിന്ദി എവിടെയാണ് ഒന്നിപ്പിക്കുന്നത്? ശാക്തീകരണം എവിടെയാണ് വരുന്നത്? ഹിന്ദി ഭാഷ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നു. പ്രാദേശിക ഭാഷകളെ ശാക്തീകരിക്കുന്നു’, പതിവുപോലെ ഹിന്ദിയോടുള്ള സ്‌നേഹം ചൊരിഞ്ഞുകൊണ്ട് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞതാണിത്. ഹിന്ദി പഠിച്ചാൽ മുന്നേറാം എന്ന ആക്രോശത്തിന്റെ ബദൽ രൂപമാണിത് – ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് അമിത് ഷാ നടത്തിയ പരാമർശത്തെ വിമർശിച്ചുകൊണ്ട് ഉദയനിധി സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ ഭാഷകളുടെ വൈവിധ്യത്തെ ‘ഹിന്ദി’ ഒന്നിപ്പിക്കുന്നുവെന്ന് ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിൽ അമിത് ഷാ പറഞ്ഞിരുന്നു.