ഡബ്ല്യുഎഫ്എംഇയുടെ അംഗീകാരം; ഇന്ത്യന്‍ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഇനി വിദേശ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാം

ഡല്‍ഹി: ഇന്ത്യയിലെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ (ഡബ്ല്യുഎഫ്എംഇ)യുടെ അംഗീകാരം നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അംഗീകാരം ലഭിച്ചതോടെ ഇനിമുതല്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് പോയി പരിശീലനം നടത്താന്‍ സാധിക്കും. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് പോകാവുന്നതാണ്. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ആശുപത്രികളില്‍ പരിശീലനം ലഭ്യമാകുന്നതിലൂടെ ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ചിത്രംതന്നെ മാറും.

പത്ത് വര്‍ഷത്തേക്കാണ് എന്‍എംസി ഡബ്ല്യുഎഫ്എംഇയുടെ അംഗീകാരം നേടിയിരിക്കുന്നത്. അക്രഡിറ്റേഷന്‍ പ്രകാരം നിലവിലുള്ള 706 മെഡിക്കല്‍ കോളേജുകള്‍ക്ക് ഡബ്ല്യുഎഫ്എംഇ അംഗീകാരം ലഭിച്ചു. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ കീഴിലുള്ള എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്റെ അംഗീകാരമുണ്ട്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കുന്ന പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കും ഡബ്ല്യുഎഫ്എംഇയുടെ അംഗീകാരം ലഭിക്കും.

ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനായി രൂപീകരിച്ച ഒരു സംഘടനയാണ് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ (WFME). എല്ലാ മനുഷര്‍ക്കും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം നല്‍കുക, മെഡിക്കല്‍ വിദ്യാഭ്യാസത്തിലെ ഏറ്റവും ഉയര്‍ന്ന ശാസ്ത്രീയവും ധാര്‍മ്മികവുമായ മാനദണ്ഡങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.

More Stories from this section

family-dental
witywide