പ്രശസ്ത സംഗീതജ്ഞ ഡോ. ലീലാ ഓംചേരി അന്തരിച്ചു

ന്യൂഡൽഹി : സംഗീതജ്ഞയും അധ്യാപികയും എഴുത്തുകാരിയുമായ ഡോ. ലീലാ ഓംചേരി (95) അന്തരിച്ചു. സംഗീത മേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനയ്ക്ക് 2009ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.

ക്ലാസിക്കൽ കലാരൂപങ്ങളെക്കുറിച്ചുള്ള അനേകം ഗവേഷണ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.കർണാടകസംഗീതം, ഹിന്ദുസ്‌ഥാനിസംഗീതം, സോപാനസംഗീതം, നാടൻ പാട്ടുകൾ, നൃത്തം എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട് . കർണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ബിരുദവും ഡൽഹി സർവ്വകലാശാലയിൽ നിന്ന് എംഎയും പിഎച്ച്‌ഡിയും നേടി. ഡൽഹി സർവകലാശാലയിൽ അദ്ധ്യാപികയായിരുന്നു.

പ്രശസ്ത സാഹിത്യകാരൻ ഓംചേരി എൻ എൻ പിള്ളയുടെ ജീവിത പങ്കാളിയായിരുന്നു. പ്രശസ്ത ​ഗായകൻ പരേതനായ കമുകറ പുരുഷോത്തമന്റെ മുതിർന്ന സഹോദരിയാണ്. ദീർഘകാലമായി ഡൽഹിയിലായിരുന്നു .

മലയാളികളായ പരമേശ്വരക്കുറുപ്പിന്റേയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകളാണ്. കന്യാകുമാരിയിലെ ആദ്യകാല സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്തെ വിമന്‍സ് കോളേജില്‍ നിന്ന് കര്‍ണാടക സംഗീതത്തില്‍ ബിരുദം നേടിയ ലീല ഓംചേരി പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ ഹിന്ദുസ്ഥാനി സംഗീതത്തില്‍ മറ്റൊരു ബിരുദം നേടുകയും ചെയ്തു.

dr. Leela Omchery passes away