‘ദുരന്തം എന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് മുഖ്യമന്ത്രിയെ, ആരോഗ്യമന്ത്രിക്ക് ഒരു കുന്തോമറിയില്ല’; പരിഹാസ പ്രസംഗവുമായി കെഎം ഷാജി

കണ്ണൂര്‍: ദുരന്തം എന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് മുഖ്യമന്ത്രിയെയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി. നിപ്പ എന്നു പറഞ്ഞാല്‍ ഇപ്പോള്‍ ആദ്യം ഓര്‍മ വരുന്നത് വവ്വാലിനെയാണ് അതുപോലെ ദുരന്തം എന്നു കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയെ ഓര്‍മ്മ വരുമെന്നാണ് കെഎം ഷാജി പറഞ്ഞത്. സിപിഎമ്മുകാര്‍ക്ക് ദുരന്തം എന്നു കേള്‍ക്കുമ്പോള്‍ ഒരു സന്തോഷമാണ്. പിരിവെടുക്കാന്‍ പറ്റിയ പണിയാണ്, ആള്‍ക്കാരെ ബുദ്ധിമുട്ടിക്കാന്‍ പറ്റിയ പണിയാണ് എന്നും ഷാജി പരിഹാസരൂപേണെ പറഞ്ഞു.

അന്തോം കുന്തോം തിരിയാത്ത ഒരു സാധനമാണ് ഇപ്പോള്‍ കേരളത്തില്‍ ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ള മന്ത്രിയെന്നും അവര്‍ക്ക് ഒരു കുന്തോം അറിയില്ല, ഇങ്ങനെ വാചകമടിച്ചും മുഖ്യമന്ത്രിയെ സ്തുതിച്ചും നടക്കാമെന്നല്ലാതെ ഒന്നിനും കഴിയില്ലെന്നും ഷാജി പരിഹസിച്ചു. ഈ കപ്പല്‍ കുലുങ്ങില്ല സാര്‍ എന്ന നിയമസഭയിലെ പ്രസംഗത്തിന് വീണാ ജോര്‍ജിന് കിട്ടിയ പ്രതിഫലമാണ് ആരോഗ്യമന്ത്രി സ്ഥാനമെന്നും ഷാജി പറഞ്ഞു.

ഷാജിയുടെ പ്രസംഗത്തില്‍നിന്ന്:

ഇവര്‍ക്ക് ദുരന്തം എന്നു കേള്‍ക്കുമ്പോള്‍ ഒരു സന്തോഷമാണ്. പിരിവെടുക്കാന്‍ പറ്റിയ പണിയാണ്, ആള്‍ക്കാരെ ബുദ്ധിമുട്ടിക്കാന്‍ പറ്റിയ പണിയാണ്, വൈകുന്നേരം വന്ന് മുഖ്യമന്ത്രിക്ക് വാര്‍ത്താ സമ്മേളനം നടത്താന്‍ പറ്റിയ പണിയാണ്. ആള്‍ക്കാരെ പേടിപ്പിച്ചു നിര്‍ത്താം. പിന്നെ ആള്‍ക്കാര്‍ ഒന്നും ആലോചിക്കില്ലല്ലോ. മോള്‍ക്കു കക്കാം, മോനു കക്കാം. മോന്റെയും മോളുടെയും അമ്മായിയപ്പന്‍മാര്‍ക്ക് ഒന്നിച്ചിരുന്നു കക്കാം. അതിനിടയിലൂടെ നിപ്പയൊക്കെ വന്നുപോകും എന്നു കരുതുന്ന ഈ വൃത്തികെട്ട ചിന്തയല്ലേ? ശാസ്ത്രീയമായി ഈ നിപ്പയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് എന്തു റിപ്പോര്‍ട്ടാണ് തരാനാകുക എന്നാണ് എന്റെ ചോദ്യം.

ഇപ്പോള്‍ ഒരു ആരോഗ്യമന്ത്രിയുണ്ട്. നേരത്തേ ആ ഷൈലജ ടീച്ചര്‍ വലിയ പ്രഗദ്ഭയൊന്നുമല്ലെങ്കില്‍, നല്ലൊരു സംഘാടകയായിരുന്നു. പക്ഷേ, അവരെ വെട്ടിക്കളഞ്ഞു. അവര്‍ മന്ത്രിസഭയില്‍ വന്നില്ല. പിന്നെ ആരാ വന്നത്? ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ്. എന്താ യോഗ്യത? ഈ കപ്പല്‍ കുലുങ്ങില്ല സാര്‍… നല്ല പ്രസംഗമായിരുന്നു. ആ പ്രസംഗത്തിനുള്ള സമ്മാനമാണ് ഈ കിട്ടിയത്. അന്തോം കുന്തോം തിരിയാത്ത ഒരു സാധനമാണ് ഇപ്പോള്‍ കേരളത്തില്‍ ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ള ഈ മന്ത്രി. അവര്‍ക്ക് ഒരു കുന്തോം അറിയില്ല. ഇങ്ങനെ വാചകമടിച്ചും മുഖ്യമന്ത്രിയെ സ്തുതിച്ചും നടക്കാമെന്നല്ലാതെ ഒന്നിനും കഴിയില്ല.

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് ഇവിടെ കൊണ്ടുവന്ന 14 മെഡിക്കല്‍ കോളജുകളുണ്ട്. അവിടെയുള്ള സൗകര്യങ്ങള്‍ എന്താണ്? നിങ്ങളൊന്ന് പോയി നോക്കൂ. എന്തു മാറ്റമാണ് ഈ മെഡിക്കല്‍ കോളജുകളില്‍ ഉണ്ടാക്കിയത് എന്ന് നിങ്ങള്‍ പരിശോധിക്ക്. ഒന്നുമില്ല. ഈ നിപ്പയെ ഒരു അവസരമാക്കി എടുക്കരുത് എന്നാണ് എനിക്ക് സിപിഎമ്മുകാരോടും മുഖ്യമന്ത്രി പിണറായി വിജയനോടും പറയാനുള്ളത്. അതിന്റെ പേരില്‍ പിരിവു നടത്തരുത്. സക്കാത്തിന്റെ പൈസ എന്തായാലും ചോദിക്കരുത്. പണ്ട് അതു തരില്ലെന്നു പറഞ്ഞതിനാണ് എന്റെ പേരില്‍ കേസൊക്കെ തുടങ്ങിയത്. അതുകൊണ്ട് പിരിക്കാന്‍ നില്‍ക്കരുത്.

എങ്ങനെയാണ് ഈ നിപ്പ വരുന്നത്? ഏതു വഴിക്കാണ്? എങ്ങനെയാണ് ഇതിനെ തടുക്കാനാകുക? ഇതൊക്കെയൊന്നു പരിശോധിക്കണം. ഇപ്പോള്‍ സത്യം പറഞ്ഞാല്‍ നിപ്പ എന്നു പറഞ്ഞാല്‍ നമുക്ക് ഓര്‍മ വരിക വവ്വാലിനെയാണ്. ദുരന്തം എന്നു പറഞ്ഞാല്‍ ഓര്‍മ വരിക മുഖ്യമന്ത്രിയേയും. രണ്ടും ഒരുപോലെയാണ്. എന്തൊരു സങ്കടമാണ് മുഖ്യമന്ത്രീ ഇത്? നിങ്ങള്‍ ഇത്രമേല്‍ പരിഹാസ്യനായിപ്പോയല്ലോ. എന്നിട്ട് ഏഴു മാസം കഴിഞ്ഞ് നിപ്പയ്ക്കു വരാമെന്നു കരുതിയ കുപ്പായമൊക്കെയിട്ട് അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനം. അവിടെ മാധ്യമപ്രവര്‍ത്തകരുടെ ഒറ്റ ചോദ്യത്തിന് നേര്‍ക്കുനേര്‍ മറുപടിയില്ല.

മാസപ്പടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ പിവി എന്ന പേരുണ്ടല്ലോയെന്ന് പത്രക്കാര്‍ ചൂണ്ടിക്കാട്ടി. അത് പിണറായി വിജയനാണെന്ന് പറയുന്നുണ്ടല്ലോയെന്നും ചോദിച്ചു. അത് ഞാനല്ല എന്ന് മുഖ്യമന്ത്രിയുടെ മറുപടി. എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ. വീണ എന്റെ മകളല്ല എന്നു കൂടി അങ്ങ് പറയരുത്.’

Also Read

More Stories from this section

family-dental
witywide