
നായയെ വില്‍ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഫ്‌ലോറിഡയില്‍ മൂന്നു പേര്‍ വെടിയേറ്റു മരിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്നു വയസ്സുകാരനും ഉള്‍പ്പെടുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച രാത്രി പത്ത് മണിയോടെ കുട്ടിയുള്‍പ്പെടെ അഞ്ച് പേര്‍ സംഭവം നടന്ന ഫ്‌ളാറ്റിലേക്ക് വന്നതായും നായയെ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതുമായാണ് വിവരം. പിന്നീട് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അത് വെടിവെപ്പിലേക്ക് നയിച്ചുവെന്നും ജാക്‌സണ്‍വില്ലെ ഷെരീഫിന്റെ ഓഫീസ് അസിസ്റ്റന്റ് ചീഫ് ജെഡി സ്‌ട്രോങ്കോ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അപ്പാര്‍ട്ട്‌മെന്റിലേക്ക് വന്നവര്‍ നായയെ വാങ്ങാനാണോ, വില്‍ക്കാനാണോ വന്നതെന്ന് വ്യക്തമല്ല. വെടിവെപ്പില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് രണ്ട് പേര്‍ ഒരു ബ്ലാക്ക് സെഡാനില്‍ കയറി പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികളില്‍ ചിലര്‍ പോലീസിനോട് പറഞ്ഞു. അജ്ഞാതമായ കാരണങ്ങളാലാണ് വെടിവെപ്പ് നടന്നതെന്നും രക്ഷപ്പെട്ടവരെക്കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പരുക്കേറ്റയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട രണ്ടു പേരും പരുക്കേറ്റയാളും 20 വയസ്സ് പ്രായമുള്ളവരാണെന്ന് ജെഡി സ്‌ട്രോങ്കോ പറഞ്ഞു.
എന്നാല്‍, ഇവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. ഇരയുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന നിയമം കാരണം ഇരകള്‍ തമ്മിലുള്ള ബന്ധവും വെളിപ്പെടുത്തിയിട്ടില്ല. കേസില്‍ അന്വേഷണം നടക്കുകയാണ്. താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വെടിയൊച്ച കേട്ടു ഞെട്ടിയെഴുന്നേറ്റുവെന്നും അഞ്ചോ ആറോ തവണ വെടിയൊച്ചയും പിന്നീട് നിലവിളിയും കേട്ടുവെന്നും സമീപവാസിയായ സ്ത്രീ പോലീസിനോട് പറഞ്ഞു. ഇങ്ങനെയൊരു കാര്യം ഇത്ര സുരക്ഷിതമായ തങ്ങളുടെ വില്ലയുടെ പരിസരത്ത് സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അവര്‍ പോലീസിനോട് പറഞ്ഞു.















