പാലക്കാട് പാലക്കയത്ത് ഉരുള്‍പൊട്ടല്‍; കടകളിലും വീടുകളിലും വെളളം കയറി

പാലക്കാട്: പാലക്കാട് പാലക്കയത്ത് ഉരുള്‍പൊട്ടല്‍. കടകളിലും വീടുകളിലും വെളളം കയറി. പാണ്ടന്‍ മലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മഴ കനത്തതോടെ കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരുന്നതിനാല്‍ മൂന്ന് ഷട്ടറുകള്‍ 60 -70 സെ മീയോളം ഉയര്‍ത്താന്‍ സാധ്യതയുള്ളതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജനങ്ങള്‍ ഒരു കാരണവശാലും പുഴയിലിറങ്ങരുതെന്ന് കലക്ടറുടെ നിര്‍ദ്ദേശമുണ്ട്.

ഉരുള്‍പൊട്ടലില്‍ പാലക്കയം ഭാഗങ്ങളിലെ കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. ജനവാസ മേഖലയായ വട്ടപ്പാറ ഇരുട്ടുകുഴി, ചീനിക്കപ്പാറ എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. അതേസമയം ഉരുള്‍പൊട്ടലുണ്ടായതായ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. വില്ലേജ് ഓഫീസറും അഗ്‌നിരക്ഷാ സേനയും സ്ഥലത്തുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഡാമിലെ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ കാഞ്ഞിരപ്പുഴ മണ്ണാര്‍ക്കാട് നെല്ലിപ്പുഴ, കുന്തിപ്പുഴ തൂതപ്പുഴ ഭാഗത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും നിര്‍ദ്ദേശമുണ്ട്.

More Stories from this section

family-dental
witywide