
ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളുടെ പ്രചരണ പരിപാടികള്‍ ഇടതുമുന്നണി സ്വന്തം നിലയില്‍ സംഘടിപ്പിക്കണം. അല്ലാതെ സര്‍ക്കാര്‍ ഖജനാവിലുള്ള പൊതുജനങ്ങളുടെ നികുതിപണം ദുരുപയോഗം ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കാനെന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന കേരളീയം-2023 പരിപാടി യു.ഡി.എഫ് ബഹിഷ്കരിക്കുമെന്നും, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന പര്യടന പരിപാടികളില്‍ യുഡിഎഫ് സഹകരിക്കില്ലെന്നും വി.ഡി സതീശന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഇത് സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളാണെന്ന് സതീശന് ആരോപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നു പോകുമ്പോഴാണ് സര്‍ക്കാര്‍ അടുത്ത ധൂര്‍ത്തിന് കളം ഒരുക്കുന്നതെന്നും വി ഡി സതീശന് വിമര്‍ശിച്ചു. ക്ഷേമ പദ്ധതികള്‍ക്ക് പോലും ഇവിടെ പണമില്ലെന്നും സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ചോദ്യചിഹ്നമായി നില്‍ക്കുന്നുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. സാധാരണക്കാരന്റെ കഴുത്തറുക്കുന്ന നികുതിക്കൊള്ള ഒരു ഭാഗത്ത് നടക്കുമ്പോള്‍ വന്‍കിടക്കാര്‍ക്ക് നികുതി വെട്ടിപ്പിനുള്ള പറുദീസയായി കേരളം മാറുകയാണെന്നും വിഡി സതീശന് പറഞ്ഞു.










