മന്ത്രി കെ രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയ ജാതി വിവേചനം; കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ക്ഷേത്രചടങ്ങിനിടെ ജാതിവിവേചനം നേരിട്ട സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിവില്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി ഡിജിപിക്ക് പരാതി നല്‍കി. മന്ത്രി കെ.രാധാകൃഷ്ണന്‍ ജാതിവിവേചനം നേരിടുക മാത്രമല്ല, പൊതുമധ്യത്തില്‍ അവഹേളിക്കപ്പെട്ടുവെന്നും പട്ടികജാതി പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് പരാതിയിലെ ആവശ്യം. സംസ്ഥാന പൊലീസ് മേധാവി ഷേയ്ഖ് ദര്‍വേഷ് സാഹിബിനും പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്.

തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് മന്ത്രി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇത് മൊഴിയായി കണക്കാക്കി കേസെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. കോട്ടയത്ത് നട ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവേയാണ് കേരളത്തില്‍ ഒരു ക്ഷേത്രത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിനിടെ തനിക്ക് ജാതീയ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞത്. ക്ഷേത്രത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ വിളക്ക് കത്തിക്കുന്ന ചടങ്ങില്‍ അവിടുത്തെ പൂജാരിമാര്‍ പരസ്പരം വിളക്കുകള്‍ കൈമാറി കത്തിക്കുകയും തന്റെ ഊഴം എത്തിയപ്പോള്‍ വിളക്ക് നിലത്ത് വെക്കുകയുമായിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. അതേവേദിയില്‍ വെച്ചുതന്നെ പ്രതിഷേധം അറിയിച്ചുവെന്നും മന്ത്രി പറഞ്ഞിരുന്നു.

അതേസമയം പൂജാരിയെ നിയമപരമായി നേരിടണമെന്നോ ശിക്ഷിക്കണമെന്നോ മറുപടി പറയിക്കണമെന്നോ ആഗ്രഹിച്ചല്ല, പൂജാരിയുടെ മനസില്‍ മാറ്റം വരാനാണ് ഇത് ചൂണ്ടിക്കാട്ടിയതെന്ന് മന്ത്രി പിന്നീട് പ്രതികരിച്ചിരുന്നു. കേരളത്തില്‍ പല ആളുകളുടേയും മനസില്‍ ജാതി ചിന്തയുണ്ട്. എന്നിരിക്കിലും അവര്‍ക്ക് അത് പ്രകടിപ്പിക്കാന്‍ കഴിയാത്ത സാമൂഹ്യാന്തരീക്ഷം ഇവിടെയുണ്ട്. എല്ലാ പൂജാരിമാരും ഇത് പോലെയാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. അസമത്വം എവിടെയുണ്ടെങ്കിലും അത് നീങ്ങണമെന്നാണ് ആഗ്രഹിക്കുതെന്നും എല്ലാ മനുഷ്യരേയും ഒരുപോലെ കാണുന്ന പാര്‍ട്ടിയില്‍ നിന്നാണ് താന്‍ വരുന്നതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.