
മകന് രാഷ്ട്രീയ പ്രവേശനം ലഭിച്ചത് മാതാവിനോടുള്ള പ്രാര്‍ത്ഥനയിലൂടെയെന്ന് എലിസബത്ത് ആന്റണി. വിദ്യാഭ്യാസം കഴിഞ്ഞ ശേഷം രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന് അനില്‍ ആന്റണിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ മകന്റെ രാഷ്ട്രീയ പ്രവേശനത്തിന് വേണ്ടി ഒന്നുംചെയ്യാന്‍ എ കെ ആന്റണി തയ്യാറായിരുന്നില്ലെന്നും എലിസബത്ത് പറഞ്ഞു. അങ്ങനെയിരിക്കെയാണ് മാതാവിന്റെ അടുക്കല്‍ പ്രാര്‍ത്ഥിക്കുകയും കാര്യങ്ങള്‍ക്ക് പെട്ടെന്നൊരു മാറ്റമുണ്ടാകുകയും ചെയ്തതെന്നും എലിസബത്ത് ആന്റണി വ്യക്തമാക്കി. കൃപാസനം വേദിയിലായിരുന്നു അനില്‍ ആന്റണിയുടെ അമ്മയുടെ വിശദീകരണം.
ഭര്‍ത്താവ് മതവിശ്വാസി അല്ലെങ്കിലും തന്റെ പ്രാര്‍ത്ഥയിലൂടെയാണ് എല്ലാം ശരിയായതെന്നും എലിസബത്ത് പറഞ്ഞു. മക്കള്‍ രാഷ്ട്രീയത്തിനെതിരായ കോണ്‍ഗ്രസ് നിലപാടിനെത്തുടര്‍ന്ന് മകന് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ വന്നതോടെ താന്‍ വിഷമത്തിലായി എന്നും പിന്നീട് മകന്റെ രാഷ്ട്രീയ പ്രവേശനത്തിന് വേണ്ടി മാതാവിന്റെ അടുക്കല്‍ പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്നും കൃപാസനം വേദിയില്‍ എലിസബത്ത് ആന്റണി പറഞ്ഞു.
‘ബിബിസി വിവാദം ഉണ്ടായപ്പോള്‍ അതില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ വലിയ പ്രശ്‌നങ്ങളുണ്ടായി. ആ സമയത്ത് അമ്മയോട് ഞാന്‍ കരഞ്ഞുപ്രാര്‍ത്ഥിച്ചു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഫോണ്‍കോള്‍ വന്നെന്ന് പറഞ്ഞ് അനില്‍ വിളിച്ചു. എന്നാല്‍ കോണ്‍ഗ്രസുകാരായതുകൊണ്ട് എനിക്ക് സമ്മതിക്കാന്‍ മനസുവന്നില്ല. ഒടുവില്‍ അമ്മയുടെ അടുത്തവന്ന് പ്രാര്‍ത്ഥിക്കുകയും ജോസഫ് അച്ഛന്‍ മുഖാന്തരം പ്രശ്‌നപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ബിജെപിയോടുള്ള ദേഷ്യവും വിദ്വേഷവുമെല്ലാം മാറ്റി പുതിയൊരു ഹൃദയം ‘അമ്മ എനിക്ക് തന്നു. കൂടാതെ മകനെ തടയേണ്ടെന്നും അവന്റെ ഭാവി ബിജെപിയിലാണെന്നും ‘അമ്മ പറഞ്ഞതായി ജോസഫ് അച്ഛന്‍ പറയുകയും ചെയ്തു.’ എലിസബത്ത് പറയുന്നു.
എകെ ആന്റണി മതവിശ്വാസി ആയിരുന്നില്ലെന്നും കോവിഡ് ബാധിതനായ ശേഷം കാലുകള്‍ക്ക് ബലക്കുറവ് ഉണ്ടാകുകയും ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്ത അവസരത്തില്‍ തന്റെ പ്രാര്‍ത്ഥന കൊണ്ട് അദ്ദേഹത്തിന്റെ കാലുകള്‍ക്ക് ബലം വയ്ക്കുകയും ആത്മവിശ്വാസം തിരികെ ലഭിക്കുകയും ചെയ്തുവെന്നും എലിസബത്ത് കൃപാസനം വേദിയില്‍ പറഞ്ഞു.