
ചെന്നൈ: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ‘മിഷേങ്’ ചുഴലിക്കാറ്റായി മാറുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ വടക്കന്‍ തമിഴ്നാട്ടിലെയും തെക്കന്‍ ആന്ധ്രാപ്രദേശിലെയും തീരദേശ ജില്ലകള്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
ഐഎംഡിയുടെ കണക്കനുസരിച്ച്, പുതുച്ചേരിയില്‍ നിന്ന് ഏകദേശം 440 കിലോമീറ്റര്‍ കിഴക്ക്-തെക്ക് കിഴക്കും ചെന്നൈയില്‍ നിന്ന് 420 കിലോമീറ്റര്‍ തെക്കുകിഴക്കുമാണ് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്.
അതിശക്ത ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി നീങ്ങി തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. അതിനുശേഷം, വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും തെക്കന്‍ ആന്ധ്രാപ്രദേശില്‍ നിന്ന് പടിഞ്ഞാറ്-മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്കും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ തമിഴ്നാട് തീരങ്ങളിലേക്കും തിങ്കളാഴ്ച ഉച്ചയോടെ എത്തുമെന്നും കാലാവസ്ഥാ വകുപ്പ് ഏറ്റവും പുതിയ പ്രവചനത്തില്‍ പറഞ്ഞു.
ഡിസംബര്‍ 5 ന്, നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ ദക്ഷിണ ആന്ധ്രാപ്രദേശ് തീരം കടക്കുന്നതിനാല്‍, മിഷോങ് ചുഴലിക്കാറ്റ് അതിന്റെ പരമാവധി കാറ്റ് മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗതയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
തെക്കന്‍ ആന്ധ്രാപ്രദേശിലെ തീരദേശ ജില്ലകളിലും വടക്കന്‍ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും തീരദേശ ജില്ലകളിലും ഇത് കനത്ത നാശനഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചുഴലിക്കാറ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഭരണകൂടം കനത്ത ജാഗ്രതയിലാണ്.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അധികൃതര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സാഹചര്യം കണക്കിലെടുത്ത് മദ്രാസ് സര്‍വകലാശാലയും അണ്ണാ സര്‍വകലാശാലയും തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.
ദക്ഷിണ റെയില്‍വേ ഇന്നുമുതല്‍ 6 വരെ തമിഴ്നാട്ടില്‍ അന്തര്‍സംസ്ഥാന ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പെടെ 118 ട്രെയിനുകള്‍ റദ്ദാക്കി.
നിസാമുദ്ദീന്‍ ചെന്നൈ തുരന്തോ എക്‌സ്പ്രസ്, കൊച്ചുവേളി-ഗൊരഖ്പൂര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ്, ഗയ ചെന്നൈ എക്‌സ്പ്രസ്, ബറൗണി-കോയമ്പത്തൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍, വിജയവാഡ ജനശതാബ്ദി, തിരുവനന്തപുരം സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, പട്‌ന-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, ബംഗളൂരു-ഹൗറ എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകളില്‍ ചിലത്.












