
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലില്‍ മോദി സര്‍ക്കാരിന്റെ വഞ്ചനയെ തുറന്നുകാട്ടാന്‍ 21 നഗരങ്ങള്‍, 21 വനിതാ നേതാക്കള്‍ എന്ന ആശയവുമായി കോണ്‍ഗ്രസ്.
വനിതാ സംവരണ ബില്ലില്‍ മോദി സര്‍ക്കാര്‍ കാണിച്ച വഞ്ചനയെ തുറന്നു കാട്ടുക എന്ന ഉദ്ദേശത്തോടെ 21 നഗരങ്ങളില്‍ പത്രസമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍ അറിയിച്ചു. പാര്‍ട്ടിയിലെ 21 വനിതാ നേതാക്കളായിരിക്കും പത്രസമ്മേളനത്തില്‍ പങ്കെടുക്കുക.
വനിതാ സംവരണ ബില്ലിന്റെ പേരില്‍ മോദി സര്‍ക്കാരിന്റെ വിശ്വാസവഞ്ചന തുറന്നുകാട്ടുക എന്ന ഒരൊറ്റ അജണ്ടയില്‍ തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് പത്രസമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്. വിവിധ നഗരങ്ങളില്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്ന വനിതാ നേതാക്കളുടെ പേരുവിവരങ്ങള്‍ കോണ്‍ഗ്രസ് നേതാവ് പവന് ഖേര എക്സ് പ്ലാറ്റ് ഫോമില്‍ പങ്കുവെച്ചിട്ടുണ്ട്. കേരളത്തില്‍ പത്രസമ്മേളനം നടത്തുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
എം.പി. രജനി പാട്ടീല്‍ അഹമ്മദാബാദിലും മഹിളാ കോണ്‍ഗ്രസ് നേതാവ് നെറ്റ ഡിസൂസ ഹൈദരാബാദിലും രഞ്ജീത് രഞ്ജന്‍ ഭുവനേശ്വറിലും പത്രസമ്മേളനങ്ങള്‍ സംഘടിപ്പിക്കും. അമൃത ധവാന് – ബെംഗളൂരു, ലാവണ്യ ബല്ലാല്‍ ജെയ്ന്‍ – ചെന്നൈ, സുപ്രിയ ശ്രിനേറ്റ് – ലഖ്നൗ, അല്‍ക ലാംബ – ജയ്പുര്‍, അമീ യാഗ്നിക് – മുബൈ, രാഗിണി നായക് – റാഞ്ചി, ഷമാ മുഹമ്മദ് – ശ്രീനഗര്‍ എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളില്‍ പങ്കെടുക്കുന്നവരുടെ പേരു വിവരങ്ങള്‍.