വീണാ ജോര്‍ജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം; കെ.എം. ഷാജിക്കെതിരേ വനിത കമ്മിഷന്‍ കേസെടുത്തു

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ കേരള വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കെ.എം. ഷാജി അപമാനിച്ചിരിക്കുന്നതെന്ന് പി സതീദേവി പറഞ്ഞു.

‘വീണാ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. അനുചിതമായ പ്രസ്താവനയില്‍ ഉപയോഗിച്ച ‘സാധനം’ എന്ന വാക്കു തന്നെ മതി അദ്ദേഹം ഏത് രീതിയിലാണ് സ്ത്രീ സമൂഹത്തെ കാണുന്നത് എന്ന് തെളിയിക്കാന്‍. ഷാജിയെ പോലെയുള്ളവരുടെ മനസില്‍ നിന്നും തികട്ടിവരുന്ന ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ പ്രതിഫലനമാണ് ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. ആധുനിക കാലത്തും പിന്തിരിപ്പന്‍ ചിന്താഗതി വച്ച് പുലര്‍ത്തുന്ന കെ.എം. ഷാജിയെ പോലുള്ളവരെ ഒറ്റപ്പെടുത്താന്‍ നമ്മുടെ സമൂഹം തയാറാവണമെന്നും’ വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

അന്തോം കുന്തോം തിരിയാത്ത ഒരു സാധനമാണ് ഇപ്പോള്‍ കേരളത്തില്‍ ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ള മന്ത്രിയെന്നും അവര്‍ക്ക് ഒരു കുന്തോം അറിയില്ലെന്നുമായിരുന്നു വീണാ ജോര്‍ജിനെക്കുറിച്ച് കെഎം ഷാജി പറഞ്ഞത്. ഇങ്ങനെ വാചകമടിച്ചും മുഖ്യമന്ത്രിയെ സ്തുതിച്ചും നടക്കാമെന്നല്ലാതെ ഒന്നിനും കഴിയില്ലെന്നും ഈ കപ്പല്‍ കുലുങ്ങില്ല സാര്‍ എന്ന നിയമസഭയിലെ പ്രസംഗത്തിന് വീണാ ജോര്‍ജിന് കിട്ടിയ പ്രതിഫലമാണ് ആരോഗ്യമന്ത്രി സ്ഥാനമെന്നും ഷാജി ആക്ഷേപിച്ചിരുന്നു.

Also Read

More Stories from this section

family-dental
witywide