മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

തിരുവനന്തപുരം: സിപിഎം മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. 86 വയസായിരുന്നു. 1937 ഏപ്രില്‍ 22 ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ചിലക്കൂരില്‍ കേടുവിളാകത്ത് വിളയില്‍ നാരായണിയുടെയും വി.കൃഷ്ണന്റെയും മകനായി ജനിച്ചു.

1956ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ആനത്തലവട്ടം ആനന്ദന്‍ 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നു. 1971ല്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം, ട്രാവന്‍കൂര്‍ കയര്‍ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി, കേരള കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. 1972ല്‍ കേരള കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ സെക്രട്ടറി ആയി. 1987 ല്‍ ആറ്റിങ്ങലില്‍നിന്നാണ് ആദ്യതവണ നിയമസഭയിലെത്തിയത്.

ആറ്റിങ്ങള്‍ മണ്ഡലത്തില്‍ നിന്ന് മൂന്നു തവണ എംഎല്‍എ ആയിട്ടുണ്ട്. 2008ല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി. 2006 മുതല്‍ 2011 വരെ ചീഫ് വിപ്പായിരുന്നു. നിലവില്‍ സിഐടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്‌സ ബോഡി ഫോര്‍ കയര്‍ വൈസ്‌ചെയര്‍മാനുമാണ്. ലൈലയാണ് ഭാര്യ. മക്കള്‍: ജീവ ആനന്ദന്‍, മഹേഷ് ആനന്ദന്‍.

കേന്ദ്രസര്‍ക്കാരിന്റെ കയര്‍മിത്ര പുരസ്‌കാരം, കയര്‍ മില്ലനിയം പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ കയര്‍ അവാര്‍ഡ്, സി.കേശവന്‍ സ്മാരക പുരസ്‌കാരം, എന്‍.ശ്രീകണ്ഠന്‍ നായര്‍ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide