
വാഷിങ്ടൺ: ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയെ പ്രശംസിക്കുകയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിമർശിക്കുകയും ചെയ്ത മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തെ അപലപിച്ച് ഇസ്രയേൽ. ട്രംപിന്റെ പരാമർശം ലജ്ജാവഹും അവിശ്വസനീയവുമാണെന്നായിരുന്നു ഇസ്രയേലിന്റെ പ്രതികരണം.
“ഇതുപോലുള്ള ഒരു മനുഷ്യൻ, മുൻ യുഎസ് പ്രസിഡന്റ്, ഇസ്രയേലിന്റെ പോരാളികളുടെയും പൗരന്മാരുടെയും ആത്മാവിനെ മുറിവേൽപ്പിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുന്നത ലജ്ജാകരമാണ്,” ഇസ്രായേലി കമ്മ്യൂണിക്കേഷൻസ് മന്ത്രി ഷ്ലോമോ പ്രാദേശിക മാധ്യമമായ ചാനൽ 13-നോട് പറഞ്ഞു.
വെസ്റ്റ് പാം ബീച്ചിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു ട്രംപിന്റെ പരാമർശം. ലബനാലിനെ സായുധ സേനയായ ഹിസ്ബുള്ളയെ ‘മിടുക്കന്മാർ’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇസ്രായേലിനെതിരായ ആക്രമണത്തില്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് വലിയ പങ്കുണ്ടെന്നും അദ്ദേഹവും ഇസ്രായേലും ഒട്ടും സജ്ജമായിരുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. താനായിരുന്നു പ്രസിഡന്റ് എങ്കിൽ ഇസ്രായേലിലെ ഭീകരാക്രമണം കണ്ടെത്തി തടയുമായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.
ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തില്‍ ബൈഡന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തിയ ട്രംപ് ബൈഡനെ ദുര്‍ബലനായി കണക്കാക്കുന്നതിനാലാണ് ആക്രമിക്കാന്‍ ഹമാസ് ധൈര്യപ്പെട്ടതെന്നാണ് പറഞ്ഞത്. ഇസ്രയേലിന്‍റെ ബലഹീനതകൾ വെളിപ്പെടുത്തിയതിന് ഇസ്രയേലി, യു.എസ് സർക്കാർ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയ ട്രംപ് ഇത് ഹിസ്ബുള്ളയുടെ ആക്രമണത്തെ പ്രകോപിപ്പിച്ചുവെന്നും പറഞ്ഞു.
ട്രംപിന്‍റെ പരാമർശം അപകടകരവും അനാവശ്യവുമാണെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ആൻഡ്രൂ ബേറ്റ്‌സ് പ്രതികരിച്ചു. ഇസ്രയേലിനൊപ്പം അമേരിക്ക നിലകൊള്ളുന്നതിനപ്പുറം ഏതെങ്കിലും മുൻ പ്രസിഡന്‍റോ മറ്റേതെങ്കിലും അമേരിക്കൻ നേതാവോ എന്തെങ്കിലും സന്ദേശം അയക്കേണ്ട സമയമല്ല ഇതെന്ന് മുന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് പറഞ്ഞു. ട്രംപിനെതിരെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി റോൺ ഡിസാന്റിസും രംഗത്തുവന്നിട്ടുണ്ട്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആരായാലും നമ്മുടെ സുഹൃത്തും സഖ്യകക്ഷിയുമായ ഇസ്രായേലിനെ അധിക്ഷേപിക്കുന്നത് തികച്ചും അസംബന്ധമാണെന്ന് ഡിസാന്‍റിസ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.















