അമ്മയുടെ കാറിനു പിന്നിൽ മൂത്രമൊഴിച്ചു; പത്തു വയസുകാരൻ അറസ്റ്റിൽ

വാഷിങ്ടൺ ഡിസി: അമ്മയുടെ കാറിന് പിന്നിൽ മൂത്രമൊഴിച്ചതിന് പത്ത് വയസുകാരൻ അറസ്റ്റിൽ. യുഎസിലെ മിസിസിപ്പിയിൽ ഓഗസ്റ്റ് 10 നാണ് സംഭവം നടന്നത്. ലാറ്റോണിയ ഈസൺ എന്ന യുവതിയുടെ 10 വയസുകാരനായ കുട്ടിയാണ് കാറിന് പിന്നിൽ മൂത്രമൊഴിച്ചതിന് അറസ്റ്റിലായത്.

അമ്മ അഭിഭാഷകനുമായി സംസാരിക്കുന്നതിനിടെ മകൻ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുകയായിരുന്നു. കുട്ടിയെ പിടികൂടിയ പൊലീസുകാരാനാണ് ഈ വിവരം അമ്മയെ അറിയിച്ചത്. ആദ്യം മുന്നറിയിപ്പ് നൽകുമെന്ന് മാത്രമാണ് അറിയിച്ചതെങ്കിലും പിന്നീട് കൂടുതൽ ഉദ്യോഗസ്ഥരെത്തി കുട്ടിയെ ജയിലിൽ അടയ്ക്കണമെന്ന് പറഞ്ഞു.

കുട്ടി പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് തെറ്റാണെന്ന് സമ്മതിക്കുന്നു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ മകനെ കാറിൽ നിന്ന് ഇറക്കിക്കൊണ്ട് പോയി അവരുടെ വാഹനത്തിൽ കയറ്റി. തന്നെ വാഹനത്തിൽ നിന്ന് പുറത്താക്കി. ഇതെല്ലാം കണ്ട് ഭയന്ന മകൻ അലറിക്കരയുകയായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ താനും അവിടെ നിന്നു എന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് അറസ്റ്റ് ചെയ്ത കുട്ടിയെ പിന്നീട് അമ്മയോടൊപ്പം വിട്ടയച്ചു. പൊലീസികാരുടെ ഈ നടപടി തന്റെ കുഞ്ഞിന്റെ മാനസിക നില തെറ്റിച്ചേക്കാമെന്നും എന്നെന്നേക്കുമായി പൊലീസിനെ ഭയക്കുന്ന ഒരു അവസ്ഥയിലേക്ക് കുട്ടി എത്തിയേക്കാമെന്നും യുവതി പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് തെറ്റ് സംഭവിച്ചുവെന്ന് മുതിർന്ന ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടി. 10 വയസ്സ് പ്രായമുള്ള കുട്ടികൾ നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്താൽ നിയമപാലകർക്ക് റിപ്പോർട്ട് ചെയ്യാം. എന്നാൽ മുതിർന്നവരുടെ സാന്നിദ്ധ്യത്തിൽ അവർക്കെതിരെ നടപടിയെടുക്കുന്നത് ശരിയല്ലെന്ന് അധികൃതർ വ്യക്തമാക്കി.