
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികളെ മാത്രം പാര്‍പ്പിക്കാനായി അതീവ സുരക്ഷാ ജയില്‍ ഒരുങ്ങുന്നു. 600 തടവുകാരെ പാര്‍പ്പിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപകല്പന ചെയ്ത ജയിലിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 105 കോടി രൂപ ചെലവില്‍ കത്വ ജില്ലയിലെ മഹന്‍പൂരിലെ ദാംബ്രയിലാണ് ജയില്‍ നിര്‍മ്മിക്കുന്നത്.
നിലവില്‍, 2 സെന്‍ട്രല്‍ ജയിലുകള്‍, 10 ജില്ലാ ജയിലുകള്‍, 1 സ്പെഷ്യല്‍ ജയില്‍, 1 സബ് ജയില്‍ എന്നിവയുള്‍പ്പെടെ 14 ജയിലുകള്‍ ജമ്മു കശ്മീരിലുണ്ട്. അതില്‍ 3,629 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ 5,300-ലധികം തടവുകാരെയാണ് ജയിലുകള്‍ ഉള്‍ക്കൊള്ളുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് മുന്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ ബി ശ്രീനിവാസും നിലവിലെ ജയില്‍ ഡിജി ദീപക് കുമാറും ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്.
നേരത്തെ തീവ്രവാദികള്‍ക്കായി മാത്രം പുതിയ ജയില്‍ നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു.
2022ല്‍ 37.5 ഏക്കര്‍ ഭൂമി ജയില്‍ വകുപ്പിന് കൈമാറാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പിന്നാലെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.