
ഫിലാഡല്‍ഫിയാ, യു.എസ്.എ: പട്ടണത്തിനു സമീപത്തായി ഫെയര്‍ലസ് ഹില്‍സിലുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ ഒക്‌ടോബര്‍ 14, 15 തീയതികളില്‍ സമുജ്ജ്വലമായി നടത്തുവാനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മാര്‍ നിക്കോളോവോസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പെന്‍സില്‍വാനിയ സ്റ്റേറ്റിലെ വിവിധ ക്രൈസ്തവ മതനേതാക്കളോടൊപ്പം ഔദ്യോഗിക തലത്തിലും രാഷ്ട്രീയ രംഗത്തുമുള്ള ഉന്നതവ്യക്തികളും പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് ഇടവാംഗങ്ങള്‍ക്കു ആത്മീകമായും ഭൗതീകമായും അനേക നേട്ടങ്ങള്‍ കൈവരിക്കുവാനുള്ള സാഹചര്യം ലഭിച്ചു. ദേവാലയ അരാധനകളോടൊപ്പം എഴുപതിലധികം വിദ്യാര്‍ത്ഥികളുള്ള സഡേസ്‌കൂളും യൂത്ത് ലീഗും മെന്‍സ് ഫോറവും മര്‍ത്തമറിയം സമാജവും ആത്മീയ ഉണര്‍വ്വോടും ഉത്തമ ഉത്തരവാദിത്വ മനോഭാവത്തോടുംകൂടി നടക്കുന്നു. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അത്യധികം അഭിനന്ദനീയമാണ്.
വിവിധ ആഘോഷ പരിപാടികള്‍ സമംഗളം നടക്കുന്നതിനോടൊപ്പം ഭവന നിര്‍മ്മാണത്തിനും വൈദ്യസഹായത്തിനുമായി കേരളത്തിലെ 12 കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായം ചെയ്തു. ഏതാനും ആഴ്ചകള്‍ക്കുമുമ്പായി അഞ്ച് ബോക്‌സുകള്‍ നിറയെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഫിലാഡല്‍ഫിയായിലുള്ള സാധുക്കള്‍ക്കുവേണ്ടി ദാനം ചെയ്തു. പെന്‍സില്‍വാനിയ സ്റ്റേറ്റിലും ന്യൂജെഴ്‌സി സ്റ്റേറ്റിലുമുള്ള നൂറിലധികം മലയാളി കുടുംബങ്ങള്‍ സെന്റ് ജോര്‍ജ് പള്ളിയിലെ ആരാധനകളില്‍ കൃത്യമായി സംബന്ധിക്കുന്നു. ഇടവകയുടെ ഉന്നമനത്തിനായി അംഗങ്ങളുടേയും വികാരിയുടേയും കഠിനാദ്ധ്വാനവും ഭദ്രാസനാധിപന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അഭിനന്ദനീയമായി തുടരുന്നു.










