
മെക്സിക്കോ സിറ്റി: സെന്‍ട്രല്‍ മെക്സിക്കോയിലെ ഒരു ചെറുകിട കര്‍ഷക സമൂഹത്തിലെ ഗ്രാമവാസികളും ആയുധധാരികളായ ക്രിമിനല്‍ സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 11 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
തലസ്ഥാനത്ത് നിന്ന് 80 മൈല്‍ (130 കിലോമീറ്റര്‍) തെക്കുപടിഞ്ഞാറായി ടെക്സ്‌കാല്‍റ്റിറ്റ്ലാന്‍ എന്ന കുഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മെക്സിക്കോ സിറ്റിയോട് ചേര്‍ന്നുനില്‍ക്കുന്ന മെക്സിക്കോ സ്റ്റേറ്റ് പോലീസ് പറഞ്ഞു.
മരിച്ചവരില്‍ എട്ട് പേര്‍ ക്രിമിനല്‍ സംഘത്തിലെ അംഗങ്ങളാണെന്നും മൂന്ന് പേര്‍ ഗ്രാമവാസികളാണെന്നും സ്റ്റേറ്റ് പോലീസ് പറഞ്ഞു. സംഘത്തെ പോലീസ് തിരിച്ചറിഞ്ഞില്ല, എന്നാല്‍ അക്രമാസക്തമായ ഫാമിലിയ മൈക്കോക്കാന മയക്കുമരുന്ന് കാര്‍ട്ടല്‍ ഒരു ദശാബ്ദമായി ആ പ്രദേശത്ത് പ്രബലമാണ്.
ആക്രമണകാരികള്‍ സൈനിക ശൈലിയിലുള്ള യൂണിഫോം ധരിച്ചതായും ചിലര്‍ ഹെല്‍മറ്റ് ധരിച്ചതായും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്നും വ്യക്തമാണ്.
മെക്സിക്കോയിലെ മയക്കുമരുന്ന് സംഘങ്ങള്‍ കച്ചവടക്കാരില്‍ നിന്നും പണം തട്ടിയെടുക്കുന്നതായും പണം നല്‍കാന്‍ വിസമ്മതിക്കുന്നവരെ ആക്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. അത്തരത്തിലൊരു സംഘമാണ് ഗ്രാമത്തിലെ ആക്രമണത്തിനു പിന്നിലെന്നും സംശയിക്കുന്നു.