ചെറിയ ആശ്വാസം:11 പേരുടെ നിപ ഫലം നെഗറ്റീവ്, സമ്പര്‍ക്കപ്പട്ടിക തയാറാക്കാന്‍ പൊലീസ് സഹായം തേടും

കോഴിക്കോട്: കഴിഞ്ഞദിവസം പരിശോധനയ്ക്ക് അയച്ച 11 സ്രവ സാംപിളുകൾക്ക് നിപ്പ ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ്പ രോഗബാധിതരുടെ സമ്പർക്കപട്ടികയിൽ 950 പേർ ഉൾപ്പെട്ടു. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ സമ്പർക്കപട്ടികയില്‍ ഉള്ളവരടക്കമാണ് ഇത്. ഇന്ന് സാംപിളുകൾ ആയച്ച 30 പേരിൽ രണ്ടുപേർക്ക് രോഗലക്ഷണമുണ്ട്. ഇവർ ആരോഗ്യപ്രവർത്തകരാണ്. 15 എണ്ണം ഹൈ റിസ്‌ക് പട്ടികയിലുള്ളവരാണ്. രണ്ടുപേരുടെ റൂട്ട് മാപ്പുകളും ഉടൻ പ്രസിദ്ധീകരിക്കും.

നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പോലീസ് സഹായം തേടുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. എന്‍ഐവി പൂനെയുടെ മൊബൈല്‍ ടീം സജ്ജമായിട്ടുണ്ട്. കൂടാതെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ടീമും എത്തുന്നുണ്ട്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്ലാന്‍ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പ് വരുത്താന്‍ കെഎംഎസ്സിഎല്‍ന് നിര്‍ദേശം നല്‍കി.

നിപ സര്‍വയലന്‍സിന്റെ ഭാഗമായി ഇന്ന് പുതുതായി 234 പേരെ ട്രെയിസ് ചെയ്തു. ആകെ 950 പേരാണ് നിപ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 213 പേരാണ് ഹൈ റിസ്‌സ്‌ക് പട്ടികയിലുള്ളത്. 287 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. സ്വകാര്യ ആശുപത്രികളിലുള്ള 4 പേരാണ് ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ളത്. 17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും നിരീക്ഷണത്തിലുണ്ട്.

ഓഗസ്റ്റ് 29ന് പുലർച്ചെ 2.15 മുതൽ 3.45 വരെ ഇഖ്റ ആശുപത്രിയിലെത്തിയവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. കൺട്രോൾ റൂം നമ്പറുകൾ : 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100

നിപ്പ ആശങ്കകൾ പരിഹരിക്കാനായി തുറന്ന കോൾ സെന്ററിൽ ഇന്നലെ വന്നത് 177 ഫോൺകോളുകൾ. ഇതോടെ ഇതുവരെ 503 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു.

More Stories from this section

dental-431-x-127
witywide