ഹിജാബ് ധരിച്ചില്ലെന്ന് ആരോപണം; ഇറാനിൽ ക്രൂരമർദനമേറ്റ പെൺകുട്ടി കോമയിൽ

ടെഹ്റാൻ: ഇറാനിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് പതിനാറുകാരി മതപൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരമർദനത്തിനിരയായി. ടെഹ്റാൻ മെട്രോയിൽ സഞ്ചരിക്കുകയായിരുന്ന അർമിത ഗരവന്ദ് ആണ് മതപൊലീസ് ഉദ്യോഗസ്ഥരുടെ മർദനത്തിനിരയായി അബോധാവസ്ഥയിലായത്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ല.

എന്നാൽ ഇക്കാര്യം നിഷേധിച്ച അധികൃതർ പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പറഞ്ഞു. അതേസമയം വൻ സുരക്ഷയിലാണ് ഇറാൻ അധികൃതർ പെൺകുട്ടിക്ക് ചികിത്സ നൽകുന്നത്. വസ്ത്രധാരണത്തിന്റെ പേരിൽ അറസ്റ്റിലായ മഹ്സ അമിനി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വൻ പ്രക്ഷോഭം നടന്ന സാഹചര്യത്തിലാണ് പൊലീസ് കടുത്ത മുൻകരുതലുകൾ സ്വീകരിച്ചത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും നിരവധിപ്പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഗരവന്ദിനെതിരായ അതിക്രമത്തിനെതിരെ കുർദ് വംശജരുടെ സംഘടനയായ ഹെൻഗാവ് രംഗത്തെത്തി. സദാചാര പൊലീസിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഗരവന്ദിനെ ഉപേക്ഷിച്ചുപോകുകയായിരുന്നു. ടെഹ്റാനിലെ ഫജ്ർ ആശുപത്രിയിൽ വൻ സുരക്ഷയിലാണ് ചികിത്സ നൽകുന്നത്. ബന്ധുക്കളെ പോലും പെൺകുട്ടിയെ കാണാൻ അനുവദിച്ചില്ല.

അതേ സമയം, ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗരവന്ദിന്റെ ചിത്രം പുറത്തുവന്നു. പെൺകുട്ടിയെ ട്രെയിനിൽ നിന്ന് എടുത്ത് പുറത്തിടുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ പ്രതിഷേധം ശക്തമാകുകയാണ്.

More Stories from this section

family-dental
witywide