
ന്യൂഡല്‍ഹി: കേട്ടാല്‍ എല്ലാവരും ഒന്ന് ഞെട്ടുന്ന വിവരങ്ങളാണ് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്റിനെ അറിയിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 1761 ലോക്കോ പൈലറ്റുമാര്‍ മദ്യപിച്ച് ട്രെയിന്‍ ഓടിച്ചതായി പരിശോധനയില്‍ കണ്ടെത്തി എന്ന് രാജ്യസഭയില്‍ രേഖാമൂലം കേന്ദ്ര റെയില്‍വെ മന്ത്രി മറുപടി നല്കി. ഇതില്‍ 674 പേര് പാസഞ്ചര്‍ ട്രെയിനികള്‍ ഓടിക്കുന്നവരായിരുന്നു. ട്രെയിനില്‍ യാത്ര ചെയ്യുന്ന ജനങ്ങളുടെ സുരക്ഷ തന്നെ ആശങ്കയിലാക്കുന്ന റിപ്പോര്ട്ടുകൂടിയാണ് ഇത്.
ചട്ടം അനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ട്രെയിന്‍ ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി 8,28,03,387 ബ്രീത്തലൈസര്‍ പരിശോധനകള്‍ അഞ്ച് വര്ഷത്തിനടിയില് നടത്തിയിരുന്നു. ഇതിലാണ് 1761 പേര് മദ്യപിച്ചതായി കണ്ടെത്തിയത്. ഇതില്‍ 674 പേര് പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കുന്നവരും ബാക്കിയുള്ളവര്‍ ചരക്ക് ട്രെയിനുകള്‍ ഓടിക്കുന്നവരും ആയിരുന്നു.
വടക്കേ ഇന്ത്യയില്‍ ഇതിനകം 1,00,12,456 ബ്രീത്തലൈസര്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ 521 പേര് മദ്യപിച്ചതായി കണ്ടെത്തി. ദക്ഷിണേന്ത്യയില്‍ 85,25,988 പരിശോധന നടത്തിയതില്‍ ആകെ പരാജയപ്പെട്ടത് 73 പേര് മാത്രമാണ്. എങ്കിലും മദ്യപിച്ച് ട്രെയിന്‍ ഓടിക്കുന്നവര്‍ ദക്ഷിണേന്ത്യയിലും ഉണ്ട്.
2014 മുതലാണ് ലോക്കോ പൈലറ്റുമാര്‍ക്കും അസിസ്റ്റന്റുമാര്‍ക്കും ബ്രിത്തലൈസര് പരിശോധന നിര്‍ബന്ധമാക്കിയത്. ഇന്ത്യയില്‍ ട്രെയിന്‍ ദുരന്തങ്ങള്‍ ഓരോ വര്‍ഷവും ആവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഓഡീഷയിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ ജീവന് നഷ്ടമായത് മുന്നൂറോളം പേര്‍ക്കാണ്. നൂറുകണക്കിന് യാത്രക്കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അതിനിടയിലാണ് ഇത്തരം വാര്‍ത്തകള്‍ കൂടി പുരത്തുവരുന്നത്.
1761 loco pilots have drove trains after drinking alcohol in India last five years