ഏഷ്യ വന്‍കര വാനോളം വളരുന്ന ദിനങ്ങള്‍ വരുന്നു,എല്ലാ കണ്ണുകളും ഇനി ചൈനയിലേക്ക്

2023 ഏഷ്യന്‍ ഗെയിംസിന് ഇന്ന് ചൈനയില്‍ തുടക്കം. ഗെയിംസിന്റെ 19-ാം പതിപ്പിന് ഇന്ന് ഹാങ്ഷൂവിലെ ബിഗ് ലോട്ടസ് ഒളിമ്പിക് സ്പോര്‍ട്സ് സെന്റര്‍ സ്റ്റേഡിയത്തില്‍ തിരിതെളിയും.. ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചരയ്ക്കാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുന്നത്.

80,000 കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരുഷ ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും ലോക ബോക്സിങ് ചാമ്പ്യന്‍ ലോവ്ലിന ബോര്‍ഗൊഹെയിനുമായിരിക്കും ഇന്ത്യന്‍ പതാകയേന്തുക.

നിര്‍മ്മിത ബുദ്ധിയും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള ഉദ്ഘാടന ചടങ്ങ് ചൈനയുടെ ആധുനിക വളര്‍ച്ചയ്ക്കും പൈതൃകത്തിനും ആദരമര്‍പ്പിക്കുന്നതാവുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ത്രീ ഡി അനിമേഷനും ഓഗ്മെന്റഡ് റിയാലിറ്റിയും ഉപയോഗിച്ചുള്ള പുകയില്ലാത്ത വെടിക്കെട്ടിനും ഹാങ്ഷൂവിലെ സ്റ്റേഡിയം സാക്ഷ്യം വഹിക്കും.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉദ്ഘാടന ചടങ്ങിനെത്തും. കമ്പോഡിയന്‍ രാജാവ് നോറോഡോം സിഹാമണി, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദ്, ഹോങ് കോങ് നേതാവ് ജോണ്‍ ലീ കാ ചിയു, റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ പ്രധാനമന്ത്രി ഹാന്‍ ഡക്ക് സൂ തുടങ്ങിയവരാണ് ചടങ്ങിലെത്തുന്ന മറ്റ് പ്രമുഖര്‍.

39 കായിക ഇനങ്ങളിലായി 655 ഇന്ത്യന്‍ അത്ലറ്റുകളാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തം കൂടിയാണ് ഇത്.

More Stories from this section

family-dental
witywide